കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടി രൂപയുടെ 4.5 കിലോഗ്രാം സ്വര്‍ണ്ണവും 9.64 ലക്ഷം രൂപ വിലവരുന്ന 81000 രൂപയുടെ സിഗററ്റും പിടികൂടി. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടിയത്.
ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപിച്ചും ട്രോളി ബാഗിനകത്ത് വസ്ത്രത്തിലൊളിപ്പിച്ചും ലേഡീസ് ബാഗുകളുടെ വള്ളിയാക്കിയുമാണ് സ്വര്‍ണ്ണം കൊണ്ട് വന്നത്. എമര്‍ജന്‍സി ലാംപ്, കളിപ്പാട്ടങ്ങള്‍, റിമോര്‍ട്ട് കണ്‍ട്രോള്‍ എന്നിവയുടെ ബാറ്ററിക്കകത്ത് ഒളിപ്പിച്ചും സ്വര്‍ണ്ണം കടത്തി. എട്ട് യാത്രക്കാരില്‍ നിന്നാണ് കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ഗോള്‍ഡ് ഫ്‌ളേക്ക്, മാള്‍ബ്രോ എന്നീ ബ്രാന്‍ഡുകളില്‍പ്പെടുന്ന സിഗററ്റുകളാണ് ഒളിച്ച് കടത്തുന്നതിനിടെ പിടികൂടിയത്. ഒമ്പത് യാത്രക്കാരാണ് സിഗററ്റ് കൊണ്ടുവന്നത്.