Sorry, you need to enable JavaScript to visit this website.

മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

ജിദ്ദ: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍  സൗദി അറേബ്യ ചാപ്റ്ററിലെ അധ്യാപകര്‍ക്കായി വെര്‍ച്വല്‍ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പ്രശസ്ത കവിയും മലയാളം മിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭാഷാ പഠനത്തിന്റെ സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായി മാതൃഭാഷാ പഠനത്തില്‍ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷന്‍ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സര്‍ഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷന്റെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. മലയാളം മിഷന്റെ നൂതനമായ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് അധ്യാപക പരിശീലനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു. വിദഗ്ധ പരിശീലകനും മലയാളം മിഷന്‍ ഭാഷാ അധ്യാപകനുമായ ടി.സതീഷ് കുമാര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി. മലയാളം മിഷന്‍ ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയര്‍പേഴ്സണ്‍ ഷാഹിദ ഷാനവാസ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് മാത്യു തോമസ് നെല്ലുവേലില്‍ എന്നിവര്‍ സംസാരിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത അധ്യാപകരുടെ സര്‍ഗാത്മക രചനകളുടെ സംവാദത്തില്‍ ഡോ. രമേശ് മൂച്ചിക്കല്‍, ജയകുമാര്‍ അന്തിപ്പുഴ, അനുജ രാജേഷ്, ഇഖ്ബാല്‍ വെളിയങ്കോട്, ഷിഫാന, പ്രവിത, സുമിയ, റസിയ എന്നിവര്‍ പങ്കെടുത്തു. വിദഗ്ധ സമിതി അംഗങ്ങളായ ലീന കോടിയത്ത്, സീബ കൂവോട്, നിഷ നൗഫല്‍, സാജിദ മുഹമ്മദാലി, മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ജുനൈസ് പി.കെ എന്നിവര്‍ നേതൃത്വം നല്‍കി. പരിശീലന പരിപാടിയില്‍ സൗദിയിലെ വിവിധ മേഖലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത എഴുപതോളം അധ്യാപകര്‍ പങ്കെടുത്തു. 
മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ വിവിധ പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മലയാളം മിഷന്‍ സൗദി ചാപ്റ്ററിനു കീഴില്‍ ജിദ്ദ, റിയാദ്, ദമ്മാം, ജിസാന്‍, തബൂക്ക്, അല്‍ഖസിം, അബഹ, നജ്റാന്‍, അറാര്‍ എന്നീ മേഖലകളാണ് നിലവിലുള്ളത്. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവന്‍ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലാകമ്മിറ്റികള്‍ രൂപീകരിക്കുമെന്നും രണ്ടാം ഘട്ട അധ്യാപക പരിശീലനം ഏപ്രില്‍ അവസാനം നടത്തുമെന്നും ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. മലയാളം മിഷന്റെ ഭാഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താല്‍പര്യമുള്ള പ്രവാസികളും സംഘടനകളും 0508716292 , 0509244982 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

Tags

Latest News