ജിദ്ദ- 'റമദാന്‍ സംസ്‌കരണത്തിന്; ഖുര്‍ആന്‍ ഔന്നത്യത്തിന്' എന്ന പ്രമേയത്തില്‍ സൗദി ദേശീയ തലത്തില്‍ നടക്കുന്ന ദ്വൈമാസ കാമ്പയിന് എസ്.ഐ.സി അല്‍ഖുംറ ഏരിയയില്‍ തുടക്കമായി.
എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി മേലാറ്റൂര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാര്‍മ്മിക-ആത്മീയ ഊര്‍ജം കൈവരിക്കുന്നതായിരിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. കഴിഞ്ഞ കാലങ്ങളില്‍ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ച് ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാന്‍ സാധ്യമാകണം. അരുതായ്മകളില്‍ നിന്നും അധാര്‍മ്മികതയില്‍ നിന്നും മനുഷ്യനെ തടയാന്‍ അവന്‍ ആര്‍ജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല -അദ്ദേഹം പറഞ്ഞു.
അങ്ങനെ ആരാധനയിലൂടെ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ധാര്‍മികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ് ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചതെന്നും ഉബൈദുല്ല തങ്ങള്‍ ഉദ്ബോധനം നടത്തി.
എസ്.ഐ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ആലമ്പാടി അബൂബക്കര്‍ ദാരിമി പ്രമേയ പ്രഭാഷണം നടത്തി. കാമ്പയിന്റെ ഭാഗമായി റമദാന്‍ മുന്നൊരുക്കം, തര്‍ത്തീല്‍, ഖുര്‍ആന്‍ പഠന സപര്യ, ഫാമിലി പാഠശാല, എസ്.ഐ.സി ദിനാചരണം, തസ്‌കിയത്ത് ക്യാമ്പ്, ഇഫ്താര്‍ മീറ്റ്, ഖത്മുല്‍ ഖുര്‍ആന്‍, ദുആ മജ് ലിസ്, ഈദ് ജല്‍സ, ഖുര്‍ആന്‍ മുസാബഖ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. ഖുര്‍ആന്‍ പഠന സപര്യയില്‍ സൂറത്തുല്‍ വാഖിഅ, സൂറത്തുല്‍ മുല്‍ക് എന്നീ സൂറത്തുകളുടെ പാരായണവും വിശദമായ പഠനത്തിനും പ്രത്യേകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അല്‍ഖുംറ ഏരിയ കമ്മിറ്റി പ്രസിഡന്റ് സൈനുദ്ധീന്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ശൗക്കത്ത് ദാരിമി, മുഹമ്മദ് ശരീഫ് മുസ് ലിയാര്‍, ശംസു ഇല്ലിക്കുത്ത്, അബൂബക്കര്‍ മുസ് ലിയാര്‍, അലവി, മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹമീദ് സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.