ന്യൂദല്‍ഹി-പൗരത്വനിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നാണ് കേരളം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ നല്‍കിയ സ്യൂട്ട് ഹര്‍ജിയിലാണ് കേരളം സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ ശശിയാണ് അപേക്ഷ സമര്‍പ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തിന്റെ നിര്‍ണായക നീക്കം.
പൗരത്വനിയമഭേദഗതിച്ചട്ടം നടപ്പാക്കുന്നത് സ്റ്റേചെയ്യണമെന്ന ഹര്‍ജികള്‍ 19-ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യവും ഇതിനോടൊപ്പം പരിഗണിച്ചേക്കും. പൗരത്വനിയമ ഭേദഗതി വിവേചനപരവും, ഏകപഷീയവും, യുക്തിരഹിതവും മതേതര തത്വങ്ങള്‍ക്ക് എതിരുമാണ്. പൗരത്വം നല്‍കാന്‍ മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള തീരുമാനത്തിന് ന്യായീകരമില്ല. ഈ മൂന്ന് രാജ്യങ്ങളില്‍ മത പീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയാ, ഹസാരസ് എന്നീ വിഭാഗങ്ങളെ എന്ത് കൊണ്ട് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ശ്രീലങ്ക, മ്യാന്മാര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാതെയിരിക്കുന്നതിന് നീതീകരണമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.