ഇടുക്കി- ഒട്ടേറെ മയക്കുമരുന്ന്, ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബസുടമയെ അറസ്റ്റു ചെയ്ത് കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. ഇടവെട്ടി പാലാക്കണ്ടം നെല്ലിക്കല്‍ ഒടിയനെന്നു വിളിക്കുന്ന മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ (42)യാണ് ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം തൊടുപുഴ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
ഒട്ടേറെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ മാര്‍ട്ടിന്‍ തൊടുപുഴ മേഖലയിലെ മയക്കുമരുന്നു കച്ചവടത്തിനു നേതൃത്വം നല്‍കി വരികയായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായ മാര്‍ട്ടിന്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങളിലും പ്രതിയാണ്.
അടിമാലിയില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ച് അഞ്ചു പേര്‍ മരിച്ച കേസില്‍ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഒടിയന്‍ എന്ന പേരില്‍ ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായിരുന്ന ഇയാളുടെ വാഹനങ്ങളില്‍ മയക്കുമരുന്നും കഞ്ചാവും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന മാര്‍ട്ടിന്‍ കഞ്ചാവ് കച്ചവടത്തിലൂടെയാണ് പണം സമ്പാദിച്ച് ബസുടമയായത്.
തൊടുപുഴ സി. ഐ എസ്. മഹേഷ്‌കുമാര്‍, എസ്. ഐമാരായ ടി. എം. ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, സി. പി. ഒമാരായ രാജേഷ്, ടോണി, മാര്‍ട്ടിന്‍ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.