കോഴിക്കോട്- വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടി സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപ്പന്റ് അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന സാഹചര്യം കണക്കിലെടുത്താണ് സ്‌റ്റൈപ്പന്റ് അനുവദിക്കാന്‍ കഴിയാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്ത് നിന്നും മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ് സ്‌റ്റൈപ്പന്റ് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട നടപടി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിച്ചത്. 2022 മാര്‍ച്ച് 4ന് വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് സ്‌റ്റൈപന്റ് അനുവദിക്കാന്‍ ദേശിയ മെഡിക്കല്‍ കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍ക്ക് രണ്ടാമത്തെ വര്‍ഷം മാത്രം സ്‌റ്റൈപ്പന്റ് അനുവദിച്ചാല്‍ മതിയെന്നും തീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാമെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും എം. ബി. ബി. എസ് നേടി ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 26,000 രൂപ സ്‌റ്റൈപ്പന്റ് നല്‍കുന്നുണ്ട്. നിലവില്‍ 300ലധികം വിദേശ സര്‍വകലാശാലാ ബിരുദധാരികള്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രികളിലും ഇവര്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നുണ്ട്.
ഓരോ വര്‍ഷവും ഇന്റേണ്‍ഷിപ്പിനായി മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും സര്‍ക്കാര്‍ ഇന്റേണ്‍ഷിപ്പ് ഫീസ് ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.