കോഴിക്കോട് - രാജ്യത്തിന്റെ സാമ്പത്തിക ക്രമത്തില്‍ ഏറെ പങ്ക് വഹിച്ച പ്രവാസി കളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര -കേരള സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് പ്രവാസിലീഗ് സംസ്ഥാന കമ്മറ്റി കുറ്റപ്പെടുത്തി. പ്രവാസി പുനരധിവാസം, കുടിയേറ്റനിയമം, പ്രവാസി വോട്ടവകാശം, വിമാനയാത്രാനിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങളിലൊന്നും കാതലായ പരിഹാരമുണ്ടായില്ല. കേന്ദ്ര പ്രവാസി വകുപ്പുപോലും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഇന്ത്യന്‍ പ്രവാസികളെ ഒരു ഉപകരണമാക്കി മാറ്റാന്‍ മാത്രമാണ് സര്‍ക്കാരുകള്‍ ശ്രമിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ മനസ്സറിയുന്ന ഒരുഭരണം രാജ്യത്തുണ്ടാകണം അതിന് ഇന്ത്യാ മുന്നണിയെ പിന്തുണക്കുന്ന യു.ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് മുഴുവന്‍ പ്രവാസികളും രംഗത്തിറങ്ങണമെന്നും പ്രവാസി ലീഗ് ആവശ്യപ്പെട്ടു.
റമളാനില്‍ ശാഖാ തലം മുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങളും സാമൂഹിക ഇഫ്ത്താറുകളും തെരെഞ്ഞെടുപ്പു പ്രചാരണഭാഗമായി പ്രവാസി കോര്‍ണറുകളും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി സ്വാഗതം പറഞ്ഞു സംസ്ഥാന ഭാരവാഹികളായ കെ.സി. അഹമ്മത്, പി.എംകെ. കാഞ്ഞിയൂര്‍,കെ.വിമുസ്തഫ, കെ.കെ അലി ജില്ലാ ഭാരവാഹികളായ ടി.എച്ച് കുഞ്ഞാലി ഹാജി, സി.കെബീരാന്‍, യു.കെ ഹുസെന്‍, പി.കെ മൂസ എന്നിവര്‍ പ്രസംഗിച്ചു.