ആലപ്പുഴ- ബി. ജെ. പി ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ആലപ്പുഴ ലോക്സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ഥി കെ. സി വേണുഗോപാലിന്റെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിച്ചും ഭിന്നിപ്പിച്ചും അധികാരത്തില്‍ തുടരാനാണ് ശ്രമിക്കുന്നത്. രാജ്യം കടുത്ത വെല്ലവിളിയിലൂടെയാണ് കടന്നുപോകുന്നത്. ബി. ജെ. പി അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരം താഴേക്ക് പോയി. രാജ്യത്തിന്റെ വികസനത്തേയും അത് പ്രതികൂലമായി ബാധിച്ചു.
സ്വതന്ത്ര്യ സമര പോരാട്ടങ്ങളുടെ കാലത്ത് ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. സമാനമായ രാഷ്ട്രീയ നീക്കമാണ് കേന്ദ്രസര്‍ക്കാരും നടത്തുന്നത്. ഇത്തരം ശക്തികളുടെ കരങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയാണ്. രാഷ്ട്രീയപരമായ സംവാധങ്ങളിലൂടെയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനെ ഭയക്കുകയാണ്.
മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ സംസാരിച്ച എം. പിമാരെ പുറത്താക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്ന് തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യം ശക്തമാണ്. രാജ്യത്തെ വീണ്ടെടുക്കാന്‍ ജനാധിപത്യപരമായ പോരാട്ടമാണ് ആവശ്യം. 2024ലെ തെരഞ്ഞെടുപ്പിന്റെ പ്രധാന്യം അവിടെയാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ബി. ജെ. പിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അനിവാര്യമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണി രാജ്യത്ത് അധികാരത്തിലേറേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ പരിശ്രമിച്ച കെ. സി വേണുഗോപാലിന് ദേശീയ രാഷ്ട്രീയത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സാധിക്കും. അതിനായി കെ. സിയെ മികച്ച ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ എല്ലാവരും മുന്നിട്ടറങ്ങണമെന്നും തങ്ങള്‍ പറഞ്ഞു.
യു. ഡി. എഫ് പാര്‍ലമെന്റ് മണ്ഡലം ചെയര്‍മാന്‍ എ. എം നസീര്‍ അധ്യക്ഷത വഹിച്ചു. കെ. പി. സി. സി ജനറല്‍ സെക്രട്ടറി എ. എ ഷുക്കൂര്‍ സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥി കെ. സി വേണുഗോപാല്‍, കെ. പി. സി. സി ആക്ടിംഗ് പ്രസിഡന്റ് എം. എം ഹസന്‍, കെ. പി. സി. സി പ്രചാരണ സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ തുടങ്ങിയവര്‍ സംബന്ധിച്ചു.