Sorry, you need to enable JavaScript to visit this website.

സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കണ്ടെത്താൻ പരിശോധന വ്യാപകമാക്കുന്നു 

റിയാദ്- സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്ന ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം പരിശോധന വ്യാപകമാക്കുന്നു. 
വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി ആറിന പദ്ധതി നടപ്പാക്കാനാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ നീക്കം. 

സ്ഥാപനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കുക, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുക ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുക, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കുക, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തുക, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് വെവ്വേറെ നടപടി സ്വീകരിക്കുക എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുന്ന നടപടികൾ. 
എല്ലാ മേഖലകളിലും ഘട്ടംഘട്ടമായി ബിനാമി വിരുദ്ധ പോരാട്ടം വ്യാപിപ്പിക്കാനാണ് മന്ത്രാലയം ശ്രമിച്ചുവരുന്നത്. 
ചില്ലറ വ്യാപാര, കോൺട്രാക്ടിംഗ് മേഖലകളിൽ ബിനാമി വിരുദ്ധ നടപടികൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇതിനകം തുടക്കമിട്ടിട്ടുണ്ട്. ഈ രണ്ടു മേഖലകളിലുമാണ് ബിനാമി പ്രവണത ഏറ്റവും ശക്തം. അടുത്ത ഘട്ടങ്ങളിൽ മറ്റു മേഖലകളിലേക്കും ബിനാമി വിരുദ്ധ നടപടികൾ വ്യാപിപ്പിക്കും. നിയമ ലംഘനങ്ങളിൽ നിന്ന് മുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത്. 

Latest News