കൊച്ചി - സ്ത്രീധന തര്‍ക്കത്തില്‍ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഡോ. ഷഹന ആത്മഹത്യ കേസിലെ പ്രതിയായ ഡോ. റുവൈസിന് മെഡിക്കല്‍ കോളജില്‍ പഠനം തുടരാന്‍ ഹൈക്കോടതി അനുമതി. പി ജി പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാല ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പഠനം തുടരാനായില്ലെങ്കില്‍ പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാകുമെന്നും ഒരാഴ്ചയ്ക്കകം പുന:പ്രവേശനം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ കോളജ് അധികൃതര്‍ തടയണമെന്നും നിര്‍ദ്ദേശമുണ്ട്.
കേസില്‍ ജയിലിലവായിരുന്ന റുവൈസിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പോലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.