കല്‍പറ്റ- മുട്ടില്‍ മരം മുറി കേസ് പരിഗണിച്ച ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായത് പ്രതികളില്‍ ഒരാള്‍ മാത്രം. മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന അജിയാണ് കോടതിയില്‍ എത്തിയത്.
അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് കോടതി സമന്‍സ് അയച്ചത്. മറ്റു പ്രതികള്‍ അഭിഭാഷകര്‍ മുഖേന അവധി ആവശ്യപ്പെടുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതിന് ഏപ്രില്‍ 25ലേക്ക് മാറ്റി.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടതില്‍ സിസി 1588/2013 നമ്പര്‍ കേസാണ് കോടതി പരിഗണിച്ചത്. ഈ കേസില്‍ പി. ഡി. പി. പി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഇതില്‍പ്പെടും. കേസില്‍ ഡിസംബര്‍ നാലിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ. എസ്. പി വി. വി. ബെന്നി കുറ്റപത്രം സമര്‍പ്പിച്ചത്.