വടകര- പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ദേശീയ വിഷയങ്ങള്‍ക്ക് പുറമെ പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് യു. ഡി. എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പറഞ്ഞു. വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി.
രാജ്യത്തെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. 'ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത് പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എ. ഐ. സി. സി പ്രസിഡന്റ് തുടക്കത്തില്‍ തന്നെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സ്വിസ് ബേങ്കിലെ കള്ളപ്പണക്കാരെ പുറത്ത് കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ എസ്. ബി. ഐ കണക്ക് പോലും പുറത്ത് പറയാന്‍ മടിക്കുകയാണ്. വടകരയിലെ ജനങ്ങളുടെ എക്കാലത്തേയും വേദനയാണ് ടി. പി വധം. കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിക്ക് ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരന്തരം അവരെടുക്കുന്ന നിലപാടാണ് അത് വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. പ്രതികള്‍ക്ക് ജയിലിനകത്തും പുറത്തും കൊടുത്ത സൗകര്യങ്ങള്‍ പിന്തുണ അതുമായി ബന്ധപ്പെട്ടണ്ടായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടുത്തെ ജനങ്ങളുടെ വേദനയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ച എങ്ങിനെ പറയാതിരിക്കും. കുടുതല്‍ പെന്‍ഷന്‍കാരുള്ള മേഖലയാണിത്. ഇതു കിട്ടി മരുന്നും അത്യാവശ്യസാധനങ്ങളും വാങ്ങുന്നവരുടെ വേദന ചര്‍ച്ചയാകും. ശമ്പളം കിട്ടാത്തതും പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ വേദനയും ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.