Sorry, you need to enable JavaScript to visit this website.

എറണാകുളത്ത് അപൂര്‍വ്വ 'ലൈം' രോഗം

കൊച്ചി- എറണാകുളം ജില്ലയില്‍ പത്തു വര്‍ഷത്തിന് ശേഷം ആദ്യമായി അപൂര്‍വരോഗമായ 'ലൈം രോഗം' റിപ്പോര്‍ട്ട് ചെയ്തു. ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 56-കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. 

'ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി' എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. പ്രത്യേക തരം ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്.

കടുത്ത പനിയും തലവേദനയും വലത് കാല്‍മുട്ടില്‍ നീരുമായെത്തിയ കൂവപ്പടി സ്വദേശിയായ രോഗിയെ ഡിസംബര്‍ ആറിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപസ്മാരത്തിന്റെ ചില ലക്ഷണങ്ങള്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലില്‍ നിന്നുള്ള സ്രവം പരിശോധിച്ചപ്പോഴാണ് മനഞ്ചൈറ്റിസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈം രോഗമാണെന്നു ഉറപ്പിച്ചത്. പിന്നീട് ലൈം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും രോഗി ഡിസംബര്‍ 26ന് ആശുപത്രി വിടുകയും ചെയ്തു.

ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരുന്നു. ഈ ചൊവ്വാഴ്ചയോടെ അവിടെയും രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

കൃത്യസമയത്ത് കണ്ടെത്തിയാല്‍ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ അടക്കമുള്ള ചെലവു കുറഞ്ഞ ചികിത്സാ മാര്‍ഗത്തിലൂടെ ഈ രോഗം ഭേദമാക്കാനാവുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തിരിച്ചറിയാനാവാതെ പോയാല്‍ നാഡീ വ്യൂഹത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം.

ചെള്ളുകടിച്ച പാട്, ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും പനിയും രോഗത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ തലവേദന, അമിത ക്ഷീണം, സന്ധിവേദന തുടങ്ങിയവ ആദ്യഘട്ടത്തില്‍ പ്രകടമാകാം. ശരീരത്തിന്റെ പല ഭാഗങ്ങളിലും കാണപ്പെടുന്ന പാടുകള്‍, പേശികള്‍ക്ക് ബലക്ഷയം, കൈ കാല്‍ വേദന തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. തുടക്കം തന്നെ ഇത് ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് കാല്‍മുട്ടിനെയും പേശിയെയും ഹൃദയത്തെയും തലച്ചോറിനെ വരെ ബാധിക്കാം.

Latest News