തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രിം കോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനല്‍ സ്യൂട്ട് നേരത്തെ തന്നെ സുപ്രിം കോടതി മുമ്പാകെ സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. പൗരത്വ നിയമത്തിന് കീഴിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രിം കോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
ഭാവിയുടെ സാങ്കേതിക മേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ്- എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര നയം പുറത്തിറക്കി. സാങ്കേതികവിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ എവിജിസി-എക്‌സ്ആര്‍ മേഖലയിലെ പതാക വാഹകരാകാനാണ് കേരളത്തിന്റെ തയ്യാറെടുപ്പ്.
2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന് പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയം. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ ഉള്ളടക്കത്തിന്റെ 15 ശതമാനമെങ്കിലും കേരളത്തില്‍ നിന്നാക്കാന്‍ ശ്രമിക്കും.
കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍, കെ. എസ്. ഐ. ഡി. സി, കെ. എസ്. എഫ്. ഡി. സി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല, കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സി-ഡിറ്റ്, കേരള ഫൈബര്‍ ഒപ്ടിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍), കേരള ഡെവലപ്‌മെന്റ്് ഇനോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ-ഡിസ്‌ക്), കേരള നോളഡ്ജ് ഇക്കണോമി മിഷന്‍ (കെകെഇഎം), തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് എവിജിസി-എക്‌സ്ആര്‍ മേഖലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
കെഎസ് യുഎമ്മിന്റെ എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ് ഇ-ഗെയിമിംഗും എക്‌സ്ആറും ഉള്‍പ്പെടുത്തി വിപുലീകരിക്കും. 150 എവിജിസി-എക്‌സ്ആര്‍ സ്റ്റാര്‍ട്ട്പ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യും. കെ-ഡിസ്‌ക് ആസൂത്രണം ചെയ്ത വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ എവിജിസി-എക്‌സ്ആര്‍ ലാബുകള്‍ നിര്‍മ്മിക്കും.
ഈ മേഖലയില്‍ തിരുവനന്തപരുത്ത് മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്‌സ്ആര്‍ അഭിരുചി വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസ പദ്ധതിയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും. ആനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഇ-സ്‌പോര്‍ട്‌സ്, ഗെയിം രൂപകല്പന, എഡിറ്റിംഗ്, ഗുണനിലവാര പരിശോധന, സൗണ്ട് ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ്, വിആര്‍, എആര്‍, മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ അനുഭവം വിശകലനം എന്നീ വിഷങ്ങളിലൂന്നിയാകും കോഴ്‌സുകള്‍. ഇത്തരം കോഴ്‌സുകള്‍ പഠിപ്പിക്കുന്നതിന് പ്രൊഫഷണലുകളെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്ന നിലയില്‍ പ്രത്യേകമായി ജോലിക്കെടുക്കും.
ഈ മേഖലയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് റെക്കഗനിഷന്‍ ഓഫ് പ്രൈയര്‍ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കും. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ ക്യാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ലഭ്യമാക്കും.
ഈ രംഗത്ത് പ്രാഗല്‍ഭ്യമുള്ള കലാകാരന്മാരെ ഒരുമിച്ച് ചേര്‍ത്ത് ഇന്നവേഷന്‍ സഹകരണ സംഘങ്ങള്‍ക്ക് രൂപം കൊടുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പൊതുമരാമത്ത്, ടൂറിസം നിര്‍മ്മിതികളില്‍ കാതലായ മാറ്റം ലക്ഷ്യമിടുന്ന ഡിസൈന്‍ പോളിസി രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ റോഡുകള്‍, സൈനേജുകള്‍, തെരുവുകള്‍ മുതലായവയുടെ രൂപകല്‍പന സംബന്ധിച്ചുള്ള സമഗ്രനയമാണ് പുറത്തിറക്കുന്നത്.
പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങളെ ഡിസൈന്‍ ചെയ്യാം. സൈനേജുകളുടെ നവീകരണം, സൈനേജുകള്‍ക്കും ലൈറ്റിംഗിനുമുള്ള ഡിസൈന്‍ മാന്വല്‍ തയ്യാറാക്കല്‍, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങള്‍ സൃഷ്ടിക്കുക, ക്രാഫ്റ്റ് ഡിസൈന്‍ സെന്ററുകള്‍ സ്ഥാപിക്കുക, കേരളീയ കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാന്‍ഡ് സൃഷ്ടിക്കുക, കരകൗശല നിര്‍മ്മാണ സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുക, പൊതുമരാമത്ത്- ടൂറിസം സംയോജിത പ്രവര്‍ത്തനത്തിനായി കേന്ദ്രീകൃത ഡാറ്റ മാനേജ്മെന്റ് സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. പൊതു ഇടനിര്‍മ്മിതികള്‍ പരിസ്ഥിതി സൗഹൃദം ആവും.