കാസര്‍കോട്- ജിം പരിശീലകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്ത കേസില്‍ ചാനല്‍ താരത്തിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കും.
ടെലിവിഷന്‍ താരവും മോഡലുമായ പെരുമ്പാവൂരിലെ ഷിയാസ് കരീമിനെതിരെ (34) ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ജിം പരിശീലക നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗം കേസിലാണ് കുറ്റപത്രം. ഐ. പി. സി 376 (ബലാല്‍സംഗം), 313 (ഗര്‍ഭഛിദ്രം), 417, 420 (വിശ്വാസ വഞ്ചന) എന്നീ വകുപ്പുകളിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം നടത്തിയ ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. പി മനുരാജ് ആണ് ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഷിയാസ് കരീമിന്റെ എറണാകുളത്തെ ജിംനേഷ്യത്തില്‍ പരിശീലകയായ 34കാരിയെ എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ചു ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് നിര്‍ബന്ധ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി ഉപേക്ഷിക്കുകയും ആയിരുന്നു. 2021 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത് എന്നായിരുന്നു പരാതി. ജിം പരിശീലകയെ വിവാഹം ചെയ്യുമെന്ന് മോഹിപ്പിച്ചാണ് ഷിയാസ് ലൈംഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചത്.
ചാനല്‍ താരം മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് ജിം പരിശീലക ചന്തേര പൊലീസില്‍ പരാതി കൊടുത്തത്. ചന്തേര ഇന്‍സ്‌പെക്ടര്‍ ജി. പി മനുരാജിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഷിയാസിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ജിംനേഷ്യത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചാനല്‍ താരം യുവതിയില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ ഉണ്ടായിരുന്നു. ചെറുവത്തൂരിലെ ബാര്‍ ഹോട്ടലില്‍ മുറിയെടുത്ത ഷിയാസ് കരീം യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചിരുന്നു എന്ന പരാതിയില്‍ അന്വേഷണം നടത്തിയ പോലീസിന് ഇദ്ദേഹം ചെറുവത്തൂരിലെ ഹോട്ടലില്‍ എത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വിദേശത്തായിരുന്ന ഷിയാസ് കരീമിനെതിരെ പോലീസ് ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിദേശത്തു നിന്നും തിരിച്ചുവന്ന ഉടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വച്ച് 2023 ഒക്ടോബര്‍ 7ന് എമിഗ്രേഷന്‍ വിഭാഗം പിടികൂടി ചന്തേര പോലീസിന് കൈമാറുകയായിരുന്നു.
മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആണ് ഷിയാസ് കരീം സുപരിചിതനായത്. റിയാലിറ്റി ഷോയ്ക്ക് ശേഷം ടെലിവിഷന്‍ ചാനല്‍ പരിപാടിയിലും പങ്കെടുത്തു വരികയായിരുന്നു.