പെരുംതേനീച്ചയെ തുരത്താന്‍ പുകയ്ക്കുന്നതിനിടെ റബര്‍ തോട്ടത്തിന് തീപിടിച്ചു; തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കോട്ടയം- പൂഞ്ഞാര്‍ വളതൂക്കിന് സമീപം വാഴേക്കാട് ഭാഗത്ത് പെരുംതേനീച്ചയെ തുരത്താന്‍ പുകയ്ക്കുന്നതിനിടെ റബര്‍ തോട്ടത്തിന് തീപിടിച്ചു.  തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

പുല്ലുവെട്ടുന്നതിനിടെയാണ് മരത്തിലുണ്ടായിരുന്ന പെരുംതേനീച്ചയുടെ കൂടിളകിയത്. ഈച്ചയെ തുരത്താനായി പുല്ലുകൂട്ടിയിട്ട് പുകച്ചെങ്കിലും ഈച്ചയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 

സ്ഥലത്തുണ്ടായിരുന്ന രണ്ടു കെ. എസ്. ഇ. ബി ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ മാത്യൂസ്, ബോസ്, സതീശന്‍ എന്നിവര്‍ക്കുമാണ് കുത്തേറ്റത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതിനിടെയാണ് ഈച്ചയെ തുരത്താന്‍ തീയിട്ടത് പ്രദേശമാകെ വ്യാപിച്ചത്. ടാപ്പിംഗ് തുടങ്ങാത്ത റബര്‍ തൈകളുള്ള തോട്ടത്തിലാണ് തീ പടര്‍ന്നത്. തുടര്‍ന്ന് വീണ്ടും ഫയര്‍ഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു.

Latest News