നജ്‌റാന്‍- യെമനില്‍നിന്ന് ഹൂത്തി മിലീഷ്യകള്‍ സൗദി അറേബ്യക്ക് നേരെ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ യു.എന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. സൗദി സേന ആകാശത്തുവെച്ച് തകര്‍ത്ത ഹൂത്തി മിസൈലിന്റെ ഭാഗങ്ങള്‍ ചിതറി നജ്‌റാനില്‍ കുട്ടികളടക്കം 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. 26 പേര്‍ക്ക് പരിക്കേറ്റുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ 19 കാറുകള്‍ക്കും 15 വീടുകള്‍ക്ക് കേടു പറ്റിയതായും സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. മിസൈല്‍ ഭാഗം വീണ് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ജനവാസ മേഖലയില്‍ മിസൈല്‍ പതിക്കുന്നതിനു മുമ്പായി സൗദി സേന തകര്‍ക്കുകയായിരുന്നു. നാല് കുടുംബങ്ങളുടെ വീടുകള്‍ക്കാണ് കൂടുതല്‍ കേടുപാട് പറ്റിയത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്.
വ്യാഴാഴ്ച ജിസാനുനേരെ തൊടുത്ത മിസൈല്‍ സൗദി സേന ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ആര്‍ക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ഹൂത്തി അതിക്രമങ്ങള്‍ തടയുന്നതിന് യു.എന്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഹൂത്തികള്‍ 190 മിസൈലുകള്‍ സൗദിക്ക് നേരെ തൊടുത്തിട്ടും യു.എന്‍ എവിടെയാണെന്ന് രാഷ്ട്രീയ വിദഗ്ധന്‍ ഡോ. ഹംദാന്‍ അല്‍ ശഹ്‌രി ചോദിച്ചു. അന്താരാഷ്ട്ര സമൂഹം എന്തുകൊണ്ട് ആ ആക്രമണങ്ങളെ അപലപിക്കുന്നില്ല. ഭാഗ്യത്തിനാണ് ഭൂരിഭാഗം മിസൈലുകളും ആകാശത്തുവെച്ചുതന്നെ തകര്‍ക്കാന്‍ സൗദി സേനക്ക് സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.