പാലക്കാട്-സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ.എം.എ.ഖാദര്‍ കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഡിടിപി ചെലവ് (ടൈപ് ചെയ്ത്, പേജ് സെറ്റ് ചെയ്യുന്നതിനുള്ള ചെലവ്) നാലു ലക്ഷത്തിലേറെ രൂപ. നിയമസഭാ ചോദ്യത്തിന് മന്ത്രി വി.ശിവന്‍കുട്ടി നല്‍കിയ ഉത്തരത്തില്‍ 4,17,789 രൂപ ഡിടിപി ചെലവ് അനുവദിച്ചതായി വ്യക്തമാക്കുന്നു. 125 പേജുള്ള ഒന്നാം ഭാഗത്തിന്റെയും പുറത്തുവിടാത്ത രണ്ടാം ഭാഗത്തിന്റെയും ഡിടിപി ചെലവാണ് ഇത്രയും തുക. രണ്ടു ഭാഗവും കൂടി 250 പേജെന്ന് കണക്കുകൂട്ടിയാല്‍ ഒരു പേജിന് സര്‍ക്കാര്‍ നല്‍കിയത് 1671 രൂപ!. പ്രിന്റിങ്ങിന് 72,461 രൂപയും പരിഭാഷയ്ക്ക് 18,000 രൂപയും വേറെയും അനുവദിച്ചു.
ഉച്ചഭക്ഷണം കൊടുക്കാന്‍ ഒരു കുട്ടിക്ക് ദിവസം വെറും എട്ടു രൂപ അനുവദിക്കുന്ന വിദ്യാഭ്യാസ വകുപ്പ് ഒരു പേജ് പ്രിന്റെടുക്കാന്‍ ഇത്രയും തുക നല്‍കിയത് ധൂര്‍ത്താണെന്ന് ആക്ഷേപം ഉയര്‍ന്നു.
മൂന്നംഗ ഖാദര്‍ കമ്മിറ്റിക്കായി സര്‍ക്കാര്‍ ആകെ ചെലവഴിച്ചത് 14,16,814 രൂപയാണ്. സിറ്റിങ്ങുകളുടെ എണ്ണം സംബന്ധിച്ച് മൂന്ന് അംഗങ്ങളും മൂന്നു കണക്കാണു നല്‍കിയിരിക്കുന്നത്. ചെയര്‍മാനായ ഡോ. എം.എ.ഖാദര്‍ ഒരു സിറ്റിങ്ങിന് 2000 രൂപ തോതില്‍ 69 സിറ്റിങ്ങിന് 1.38 ലക്ഷം രൂപയും 67,508 രൂപ യാത്രാബത്തയും കൈപ്പറ്റി. ഡോ.സി.രാമകൃഷ്ണന്‍ 76 സിറ്റിങ്ങിന് 1.52 ലക്ഷം രൂപയും 16,838 രൂപ യാത്രാബത്തയും കൈപ്പറ്റി. ജി.ജ്യോതിചൂഡന്‍ 70 സിറ്റിങ്ങിന് 1.40 ലക്ഷം രൂപ കൈപ്പറ്റി. യാത്രാബത്ത വാങ്ങിയിട്ടില്ല. ഇതിനു പുറമേ ടാക്സി കൂലിയായി കമ്മിറ്റി 1,21,690 രൂപ കൈപ്പറ്റിയിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് അടിസ്ഥാനമാക്കി കെഇആറില്‍ ഭേദഗതി വരുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഡോ.സി.രാമകൃഷ്ണനെയും ജ്യോതിചൂഡനെയും നിയോഗിച്ചിട്ടുണ്ട്. യാത്രാബത്ത ഉള്‍പ്പെടെ ഈ ഇനത്തില്‍ 4,92,290 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവഴിച്ചു കഴിഞ്ഞു.