Sorry, you need to enable JavaScript to visit this website.

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം: യു.ഡി.എഫിനു ആശ്വാസം, എല്‍.ഡി.എഫിനു നിരാശ

കല്‍പറ്റ-യു.ഡി.എഫിനു ആശ്വാസം, എല്‍.ഡി.എഫിനു നിരാശ, എന്‍.ഡി.എയ്ക്കു സന്തോഷം. ഇത്  വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ പ്രമുഖനായ രാഹുല്‍ഗാന്ധി ഒരിക്കല്‍ക്കൂടി എത്തുമ്പോഴെത്തെ രാഷ്ട്രീയ ചിത്രം.
ശരീരം ഇളകി പണിയെടുക്കാതെതന്നെ രാഹുല്‍ഗാന്ധിയെ വീണ്ടും പാര്‍ലമെന്റില്‍ എത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതേവഴിക്കാണ് മുസ്‌ലിംലീഗ് ഉള്‍പ്പെടെ ഐക്യ മുന്നണിയിലെ മറ്റു കക്ഷികളുടെയും ചിന്ത. 2019ല്‍ മഹാഭൂരിപക്ഷമാണ് വയനാട് മണ്ഡലം രാഹുല്‍ഗാന്ധിക്കു സമ്മാനിച്ചത്. 4.31 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. സി.പി.ഐയിലെ പി.പി.സുനീറായിരുന്നു തൊട്ടടുത്ത എതിരാളി. പോള്‍ ചെയ്തതില്‍ 64.64 ശതമാനം വോട്ടാണ് കൈപ്പത്തി ചിഹ്നത്തില്‍ പതിഞ്ഞത്.  13,59,697 പേര്‍ക്കായിരുന്നു മണ്ഡലത്തില്‍ വോട്ടവകാശം. പോള്‍ ചെയ്തതില്‍ 10,92,197 വോട്ട്(80.33 ശതമാനം)സാധുവായി. ഇതില്‍ 7,06,367 വോട്ട് രാഹുല്‍ഗാന്ധിക്കും 2,74,597 വോട്ട്(25.13 ശതമാനം)സുനീറിനും ലഭിച്ചു. എന്‍.ഡി.എയ്ക്കുവേണ്ടി മത്സരിച്ച ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്കു 7.21 ശതമാനം(78,816)വോട്ടാണ് ലഭിച്ചത്.
ഇക്കുറി സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയെയാണ് രാഹുല്‍ഗാന്ധിക്കു നേരിടേണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പേരെടുത്ത വനിതാ നേതാക്കളില്‍ ഒരാളാണ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയുടെ ഭാര്യയുമായ ആനി.  കണ്ണൂരിലെ ഇരിട്ടിയില്‍ കുടുംബവേരുള്ള ഇവരെ മുന്നില്‍നിര്‍ത്തി എല്‍.ഡി.എഫ് ഉശിരന്‍ പോരാട്ടം നടത്തിയാലും രാഹുല്‍ഗാന്ധിയുടെ കസേരയ്ക്കു ഇളക്കം തട്ടില്ലെന്നു യു.ഡി.എഫ് നേതാക്കള്‍ കരുതുന്നു. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ കാര്യമായ കുറവ് ഉണ്ടാകുമെന്ന അഭിപ്രായം കോണ്‍ഗ്രസ്-ലീഗ് നേതാക്കളില്‍ പലര്‍ക്കുമുണ്ട്. ഇന്ത്യ മുന്നണിയുടെ നേതൃനിരയിലുള്ള രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുന്നുമുണ്ട്. കേരളത്തില്‍ മുഖ്യമായും നേരിടേണ്ടത് സി.പി.എമ്മിനെയാണെന്നിരിക്കേ രാഹുല്‍ഗാന്ധി വയനാട്ടില്‍ ജനവിധി തേടുന്നതു സംസ്ഥാനത്തുടനീളം യു.ഡി.എഫിനു ഗുണം ചെയ്യുമെന്ന് അവര്‍ പറയുന്നു. ഫാസിസത്തിനെതിരേ പ്രസംഗിച്ചു നടന്നാല്‍ മാത്രം മതിയോ, രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ എത്തുകയും വേണ്ടേ എന്ന ചോദ്യവും യു.ഡി.എഫിലുള്ളവര്‍ ഉയര്‍ത്തുന്നുണ്ട്.
രാഹുല്‍ഗാന്ധിയെ വയനാട് മണ്ഡലത്തില്‍ നേരിടേണ്ടിവരുന്ന സാഹചര്യം സി.പി.ഐയുടെയും എല്‍.ഡി.എഫിന്റെയും അകം പൊള്ളിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍നിന്നു തുരത്തുന്നതിനു ദേശീയതലത്തില്‍  കെട്ടിപ്പൊക്കിയ ഇന്ത്യ മുന്നണിയുടെ മുന്‍നിരയിലുള്ള രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരത്തിനു തുനിയില്ലെന്ന അനുമാനത്തിലായിരുന്നു സി.പി.ഐ നേതൃത്വം. രാഹുല്‍ അല്ലാതെ കോണ്‍ഗ്രസിലെ ഏതു കരുത്തന്‍ വന്നാലും അതിശക്തമായ പ്രചാരവേലകളിലൂടെ സമ്മതിദായകരെ സ്വാധീനിക്കാനും  ഒരു പക്ഷേ, മണ്ഡല ചരിത്രം മാറ്റിയെഴുതാനും കഴിയുമെന്നു കരുതിയവര്‍ സി.പി.ഐ നേതൃനിരയില്‍ നിരവധിയാണ്. ഇത് അപ്പാടെ പിഴച്ചതിലുള്ള ഖിന്നത അവരില്‍ പലരേയും അലോസരപ്പെടുത്തുന്നുണ്ട്. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്  അനുചിതമാണെന്നു കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥി ആനി രാജ തുറന്നടിച്ചു. ഫാസിസത്തിനെതിരായ പോരാട്ടമാണോ വയനാട്ടിലെ മത്സരമാണോ കോണ്‍ഗ്രസിനു മുഖ്യമെന്ന ചോദ്യം അവര്‍ തൊടുത്തു.
വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിക്കുകവഴി എന്‍.ഡി.എയുടെ ആഗ്രഹമാണ് രാഹുല്‍ഗാന്ധി സഫലമാക്കുന്നതെന്നാണ് വയനാട്ടിലെ ബി.ജെ.പി നേതാക്കളില്‍ ഒരാള്‍ പറഞ്ഞത്. വോട്ട് നില മെച്ചപ്പെടുത്തുക എന്നതില്‍ കവിഞ്ഞ പ്രാധാന്യം വയനാട് മണ്ഡലത്തിലെ മത്സരത്തിനു ബി.ജെ.പിയും സഖ്യ കക്ഷികളും നല്‍കുന്നില്ല. എന്നാല്‍  വയനാട്ടില്‍ രാഹുല്‍ഗാന്ധിയും ആനി രാജയും മുഖാമുഖം നില്‍ക്കുന്നത് എന്‍.ഡി.എയെ സംബന്ധിച്ചിടത്തോളം ദേശീയതലത്തില്‍ വലിയ പ്രചാരണായുധമാണ്. ഇന്ത്യ മുന്നണിയുടെ പ്രസക്തിയും ധാര്‍മികതയുമാണ് രാഹുല്‍ഗാന്ധി-ആനി രാജ മത്സരം ചൂണ്ടിക്കാട്ടി എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ ചോദ്യം ചെയ്യുകയെന്ന് ബി.ജെ.പി നേതാക്കള്‍ പറയുന്നു. മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ബി.ജെ.പി പ്രഖ്യാപിക്കാനിരിക്കയാണ്.

Latest News