അബുദാബി- കനത്ത മഴയിലും കാറ്റിലും ഉലഞ്ഞ് യു.എ.ഇ. ഒറ്റരാത്രികൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിയും ഉണ്ടായി. മഴയും ഇരുണ്ട ആകാശവും ശക്തമായ കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു.
എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവന്റുകള്‍ റദ്ദാക്കുകയും ജനപ്രിയ വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു.
മോശം കാലാവസ്ഥ ഇന്ന് ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ഹത്ത മേഖലയിലെ വാദികള്‍ കര കവിഞ്ഞൊഴുകിയതോടെ അണക്കെട്ടുകള്‍ പ്രദേശത്തെ ഒഴുക്ക് തിരിച്ചുവിടാന്‍ സഹായിച്ചു. ഹത്ത നിവാസിയായ ബനാരിസ്, ലീം തടാകവും വാദി ഹബും പകല്‍ സമയത്ത് കവിഞ്ഞൊഴുകുന്നതിന്റെ വീഡിയോകള്‍ പങ്കിട്ടു.
കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവ രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്ന് പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു. വ്യക്തികള്‍ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കുകയും വേണം. ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തടയാന്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് താഴ്‌വരകള്‍ക്കും അണക്കെട്ടുകള്‍ക്കും സമീപമുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.
അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പലയിടത്തും അരക്ഷിതമായ കാലാവസ്ഥ ഇപ്പോഴും തുടരുന്നു. മിക്കയിടത്തും റോഡുകളില്‍ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസ്സം നേരിട്ടു. പാതകളുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ നീങ്ങി റോഡുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പടുവിച്ചു. ദുബായ് പോലീസ് ജാഗ്രതാ സന്ദേശം മൊബൈല്‍ ഫോണിലൂടെ നല്‍കുകയും ചെയ്തു.