ഇടുക്കി - വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി മഞ്ചുമല സ്വദേശി മാക്സ് എന്ന രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. പശുമല ക്ഷേത്രോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ഓട്ടോ ഡ്രൈവര്‍മാരാണ് ഇരുവരും. ഉത്സവത്തിനായി ജിത്തു എത്തിയപ്പോള്‍ രാജനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജന് കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.