കൊച്ചി-സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങള്‍ നല്‍കിയ വകയില്‍ സംസ്ഥാന ഖജനാവിനു ലഭിച്ചത് 3.66 കോടി രൂപ. മൃതദേഹക്കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവില്‍വന്ന 2008-നു ശേഷമുള്ള കണക്കാണിത്. ഇതിനുശേഷം ഇതുവരെ 1122 അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്കായി കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് തുക നിശ്ചയിച്ചത്. എംബാം ചെയ്യാത്തവയാണെങ്കില്‍ 20,000 രൂപ.
എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ കൈമാറിയത്-599 എണ്ണം. പരിയാരം മെഡിക്കല്‍ കോളേജ് (166), തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് (157), കോഴിക്കോട് മെഡിക്കല്‍ കോളേജ് (99) എന്നിവയാണ് പിന്നില്‍.
2000-ന്റെ തുടക്കത്തിലാണ് കേരളത്തില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികള്‍ക്ക് ഒരു മൃതദേഹം എന്നനിലയില്‍ വേണം.60 കുട്ടികളുള്ള ഒരു ബാച്ചിന് അഞ്ചു മൃതദേഹങ്ങള്‍. 2008-വരെ മൃതദേഹക്കൈമാറ്റത്തിന് ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. അതിനുമുന്പ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എങ്ങനെ മൃതദേഹങ്ങള്‍ കിട്ടിയെന്നത് ഇന്നും അജ്ഞാതം. ഹൈക്കോടതിയിലെ നീണ്ട നിയമപോരാട്ടവും നിയമസഭയിലടക്കം വിഷയം ഉന്നയിച്ചതിന്റെയും തുടര്‍ച്ചയായാണ് 2008-ല്‍ മൃതദേഹം കൈമാറുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നത്.