തിരുവനന്തപുരം- സര്‍വകലാശാല കലോത്സവ വേദിയില്‍ സെലിബ്രിറ്റികലെ കൊട്ടി മന്ത്രി ശിവന്‍ കുട്ടി. അതെ വേദിയില്‍ ഉചിതമായ മറുപടി നല്‍കി നടി നവ്യാ നായരും. കൊല്ലത്ത് സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്നും സര്‍വകലാശാല കലോത്സവം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് ശിവന്‍കുട്ടി പറഞ്ഞു.
മലയാളത്തിന്റെ സ്വന്തം സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ നടിയും നര്‍ത്തകിയുമായ നവ്യാ നായര്‍ വേദിയില്‍ ഇരിക്കെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതോടെ സ്വാഭാവികമായും പലരുടേയും സംശയം നവ്യയിലേക്ക് നീണ്ടു.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നായിരുന്നു നവ്യ വ്യക്തമാക്കിയത്. താന്‍ വന്ന വഴി മറക്കില്ല. ഇന്ന് കലാലയങ്ങളില്‍ ഒരുപാടു ജീവനുകള്‍ നഷ്ടമാകുന്നു. രക്ഷിതാക്കള്‍ വലിയ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളെ കോളജുകളിലേക്ക് അയക്കുന്നതെന്നും നവ്യ പറഞ്ഞു. ഇതിനെതിരെയും പ്രതികരിക്കേണ്ടതുണ്ട്.
അക്കാദമിക് തലത്തില്‍ വലിയ നേട്ടങ്ങള്‍ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം. സിനിമകളിലും മറ്റും കാണിക്കുന്ന കൊലപാതക രംഗങ്ങള്‍ വിദ്യാര്‍ഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവിനെ പിന്തുണയ്ക്കുന്ന ഡയലോഗുകള്‍ക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട ഈ കാലത്ത് നല്ല മനുഷ്യരായും വിദ്യാര്‍ത്ഥികള്‍ ജീവിക്കണം. സമ്മേളനത്തിനു വൈകാന്‍ കാരണം ഭാരവാഹികള്‍ വൈകിയതിനാലാണെന്നും നവ്യ വ്യക്തമാക്കി.