ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക എന്തു സന്ദേശമാണ് വനിതകള്‍ക്കും പുതു തലമുറ നേതാക്കള്‍ക്കും നല്‍കുന്നത്? മൂന്നും നാലും തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചവരും നിലവില്‍ രാജ്യസഭാ എംപിയും എം എല്‍ എയും ആയിരിക്കുന്നവരെയൊക്കെയാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനെ കൊണ്ടുവരുന്നതും വടകരയിലേക്ക് ഷാഫി പറമ്പില്‍ എം എല്‍ എയെ മത്സരിപ്പിക്കാനായുള്ള തീരുമാനമാണ് അത്ഭുതപ്പെടുത്തുന്നത്.
കൂടാതെ നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എംപിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ എംപിസ്ഥാനവും എം എല്‍ എ സ്ഥാനവുമൊക്കെ വളരെ പ്രധാനമാണ്. അപ്പോഴാണ് രാജ്യസഭയില്‍ വര്‍ഷങ്ങള്‍ ബാക്കിയുള്ള കെ സി ആലപ്പുഴയിലേക്ക് ചാടിയിറങ്ങിയിരിക്കുന്നത്. ഹൈക്കമന്റിന്റെ അടുത്ത ആളായത് കൊണ്ട് കെസിയുടെ താല്‍പര്യം നടന്നു. അവിടെ മറ്റൊരു പേര് പരിഗണിക്കാന്‍ നേതാക്കള്‍ക്കായില്ല. അത് പോലെ 'മെട്രോമാനെ' കടുത്ത പോരാട്ടത്തിലൂടെ തോല്‍പ്പിച്ചു എം എല്‍ എ ആയ ഷാഫിയെ വടകരയിലേയ്ക്ക് വിട്ടിരിക്കുകയാണ്.
അവസരം കാത്തിരിക്കുന്ന, പാര്‍ട്ടിയ്ക്കായി നന്നായി പണിയെടുക്കുന്നവരെപ്പോലും മറന്നാണ് ഇത്തരം സ്ഥാനാര്‍ഥി നിര്‍ണയങ്ങള്‍. സമീപകാലത്തു കോണ്‍ഗ്രസിനായി വളരെ പണിയെടുക്കുകയും സമരങ്ങളുടെ പേരില്‍ കേസുകളില്‍ പെടുകയും ജയിലില്‍ കിടക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും തീപ്പൊരി നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിനെപ്പോലെയുള്ളവരെയൊന്നും ഒരു മണ്ഡലത്തിലേയ്ക്കും പരിഗണിക്കുക പോലും ചെയ്തില്ല എന്നതാണ് കൗതുകകരം.
ആലത്തൂര്‍ സിറ്റിംഗ് എംപി എന്ന നിലയില്‍ രമ്യ ഹരിദാസിന് സീറ്റ് കിട്ടി. കോണ്‍ഗ്രസിന്റെ വനിതാ പ്രാതിനിധ്യം അതിലൊതുങ്ങി. യുവാക്കളെയും വനിതകളെയും പ്രോത്സാഹിപ്പിക്കാത്ത ഈ സമീപനം തന്നെയാണ് കോണ്‍ഗ്രസിലൈക്ക് പുതു തലമുറ വരാന്‍ മടിയ്ക്കുന്നതും ഉള്ളവര്‍ മറ്റു പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്യുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്ന സമയത്തു യുവാക്കള്‍ക്കു നല്‍കിയ പ്രാധാന്യമൊക്കെ നഷ്ടമായി. ഇതിന്റെയൊക്കെ ഫലമാണ് കാലുവാരലും നിസഹകരണവും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് നേരിടേണ്ടിവരുന്നത്.