ഇടുക്കി- സിറ്റിംഗ് എം.പി ഡീന്‍ കുര്യാക്കോസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് യു ഡി എഫും കളത്തിലിറങ്ങിയതോടെ ഇടുക്കി ലോകസഭാ തെരഞ്ഞെടുപ്പ് രംഗം സജീവമായി. സ്വതന്ത്ര വേഷത്തിലായിരുന്ന പഴയ പോരാളി ജോയ്സ് ജോര്‍ജിനെ സി പി എം പാര്‍ട്ടി ചിഹ്നം തന്നെ നല്‍കി ആഴ്ചകള്‍ക്ക് മുമ്പു തന്നെ ഗോദയിലിറക്കിയിരുന്നു. എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും കഴിഞ്ഞു. എന്‍ ഡി എ, ബി ഡി ജെ എസിന് നല്‍കിയിരിക്കുന്ന ഇടുക്കിയില്‍ ഇന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും.
യുവപോരാളികളുടെ മൂന്നാം പോരാണ് ഇടുക്കി കാണാന്‍ പോകുന്നത്. ഒരിക്കല്‍ തോറ്റതിന്റേയും തോല്‍പ്പിച്ചതിന്റെയും വീറും വാശിയും മൂന്നാമങ്കത്തിലുമുണ്ടാകും. 2014ല്‍ ജോയ്‌സ് ജോര്‍ജിനോട് അടിയറവ് പറഞ്ഞ ഡീന്‍ കുര്യാക്കോസ് 2019ല്‍ ഇതിന് പകരം വീട്ടി.
50542 വോട്ടുകള്‍ക്കാണ് എല്‍ ഡി എഫ് സ്വതന്ത്രനായി രംഗത്തിറക്കിയ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകന്‍ ജോയ്‌സ് ജോര്‍ജ് 2014ല്‍ ഡീന്‍ കുര്യാക്കോസിനെ തറപറ്റിച്ചത്.
എന്നാല്‍ 2019ല്‍ 171053 വോട്ടുകള്‍ക്ക് ഡീന്‍ ഇടുക്കി തിരിച്ചു പിടിച്ചു. ഏഴ് നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് തരംഗമായിരുന്നു. ഇടുക്കി (20928), തൊടുപുഴ(37023), ഉടുമ്പഞ്ചോല(12494), ദേവികുളം(24093), പീരുമേട് (23380), മൂവാറ്റുപുഴ(32539),കോതമംഗലം(20596) എന്നിങ്ങനെയായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19068 വോട്ടിന്റെ മേല്‍ക്കൈ യു ഡി എഫിനുണ്ടായിരുന്നു.
പിന്നീട് കാറ്റ് മാറി വീശി. കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷത്തെത്തി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മേല്‍ക്കൈ തിരിച്ചു പിടിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഇടത് തരംഗം തന്നെ ആഞ്ഞു വീശി. തൊടുപുഴയും മൂവാറ്റുപുഴയും ഒഴികെ അഞ്ച് മണ്ഡലങ്ങളും എല്‍ ഡി എഫിനൊപ്പമായി. ഉടുമ്പഞ്ചോല(38305), ദേവികുളം(7848), ഇടുക്കി(5573), പീരുമേട്(1835),കോതമംഗലം (6605) എന്നിങ്ങനെയായിരുന്നു നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം. തൊടുപുഴയില്‍ 2016ലെ പി ജെ ജോസഫിന്റെ 45587ന്റെ ഭൂരിപക്ഷം 2021ല്‍ 20259 ആയി കുറയുകയും ചെയ്തു. മാത്യു കുഴല്‍നാടനിലൂടെ മൂവാറ്റുപുഴ യു ഡി എഫ് തിരിച്ചു പിടിച്ചെങ്കിലും 6161 വോട്ടിന്റെ മാത്രമാണ് മേല്‍ക്കൈ. നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് ഇടുക്കി ലോകസഭ മണ്ഡലത്തില്‍ എല്‍ ഡി എഫിന് 33746 വോട്ടിന്റെ മേല്‍ക്കൈയുണ്ട്. കഴിഞ്ഞ തവണ 78648 വോട്ട് നേടിയ ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി ഷൈനിനെയും സംഗീത വിശ്വനാഥനെയും ബിജു മാധവനേയും പരിഗണിക്കുന്നു എന്നാണ് വിവരം.