Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനത്ത മഴ കാത്ത് യു.എ.ഇ, ജാഗ്രത വേണം, വര്‍ക് ഫ്രം ഹോമിന് നിര്‍ദേശം

അബുദാബി- കനത്ത മഴ കാരണം വര്‍ക് ഫ്രം ഹോം അനുവദിക്കണമെന്ന് യുഎഇയിലുടനീളമുള്ള സ്വകാര്യ മേഖലാ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
യുഎഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് മോശമായ കാലാവസ്ഥ കാരണം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.
കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലഘട്ടത്തില്‍ തൊഴിലാളികളുടെ സുരക്ഷ നിലനിര്‍ത്തുന്നതിന് ജാഗ്രതയും എല്ലാ തൊഴില്‍ സുരക്ഷാ നടപടികളും സ്വീകരിക്കാന്‍ സ്വകാര്യ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു.
അബുദാബിയില്‍ പ്രതികൂല കാലാവസ്ഥയാണ്. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റും ശക്തമായ മഴയും അനുഭവപ്പെടുന്നു. അല്‍ ഐനിലെയും അബുദാബിയിലെയും മോശം കാലാവസ്ഥ കാണിക്കുന്ന വീഡിയോകള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്‌സില്‍ പോസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച ഉച്ചവരെ  അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഷാര്‍ജയിലെ പാര്‍ക്കുകള്‍ മുനിസിപ്പാലിറ്റി താല്‍ക്കാലികമായി അടച്ചു. കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങിയശേഷം തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗ്ലോബല്‍ വില്ലേജിലെ കരിമരുന്ന് പ്രയോഗവും നിര്‍ത്തിവെച്ചിട്ടുണ്ട്. അബുദാബിയിലെ പാര്‍ക്കുകളും ബീച്ചുകളും താത്കാലികമായി അടച്ചിട്ടുണ്ട്.

വാരാന്ത്യത്തില്‍ നടക്കാനിരുന്ന ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവെച്ചതായി ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നിശ്ചയിച്ചിരുന്ന വിവിധ മത്സരങ്ങളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കും. യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരാന്ത്യത്തില്‍ നടത്താനിരുന്ന പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.

വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു. വേഗം കുറക്കാനും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. വാഹനമോടിക്കുന്ന സമയത്ത് മഴയുടെ ചിത്രങ്ങളെടുക്കുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കും. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം.

ചെറിയ അപകടങ്ങളുണ്ടായാല്‍ റോഡിന്റെ മധ്യഭാഗത്ത് നിര്‍ത്തി കേടുപാടുകള്‍ പരിശോധിക്കരുത്. സാരമായ കേടുപാടുകളുണ്ടായാല്‍ മുന്നറിയിപ്പ് സിഗ്‌നലുകള്‍ ഉപയോഗിച്ചുവേണം നിര്‍ത്തിയിടാന്‍. മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും ദുബായ് പോലീസിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി അഭ്യര്‍ത്ഥിച്ചു.

കനത്ത മഴയുടെ സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കണമെന്ന് അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രം അധികൃതര്‍ നിര്‍ദേശിച്ചു.

യു.എ.ഇയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാരാന്ത്യത്തില്‍ നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചു. അബുദാബിയിലെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും താല്‍ക്കാലികമായി അടച്ചു

കാലാവസ്ഥാ വ്യതിയാനം വിലയിരുത്താന്‍ അബുദാബിയില്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അടിയന്തരയോഗം ചേര്‍ന്നു. അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് സ്റ്റാഫ് ഫാരെസ് ഖലഫ് അല്‍ മസ്‌റൂയി അധ്യക്ഷത വഹിച്ചു. സിവില്‍ ഡിഫന്‍സ് അതോറിറ്റിയും മറ്റ് സുരക്ഷാവകുപ്പുകളും അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്തി.

ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അസ്ഥിരകാലാവസ്ഥയില്‍ വിമാനയാത്രാസമയം മാറാനും സാധ്യതയുണ്ട്. എയര്‍ലൈനുമായി ബന്ധപ്പെട്ട് യാത്രാസമയം ഉറപ്പുവരുത്തണം. വിമാനത്താവളത്തിലെത്താന്‍ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

Tags

Latest News