പുനലൂര്‍- ഒരുവര്‍ഷം മുമ്പ് ചടയമംഗലം നെട്ടേത്തറയില്‍ ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് പുനലൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍. ബിനുവിനെയാണ് നീക്കിയത്. ഇതു സംബന്ധിച്ച് വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവിറങ്ങി. ഡ്രൈവറുടെ ഗുരുതര വീഴ്ചയാണ് അപകടത്തിനും വിദ്യാര്‍ഥികളുടെ മരണത്തിനു മിടയാക്കിയതെന്ന് ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 28-ന് രാവിലെ 7.40-ന് എം.സി. റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികരായിരുന്ന തലയാംകുളം വിഘ്നേശ്വരത്തില്‍ ശിക (19), സുഹൃത്ത് കക്കോട് അഭിരഞ്ജത്തില്‍ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. ശിക പഠിക്കുന്ന കിളിമാനൂര്‍ തട്ടത്തുമല വിദ്യ എന്‍ജിനീയറിങ് കോളേജിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്. ബിനു ഓടിച്ചിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ തട്ടുകയായിരുന്നു. ബിനുവിനെ പ്രതിചേര്‍ത്ത് ചടയമംഗലം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബിനുവിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് കൊല്ലം യൂണിറ്റ് ഓഫീസര്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ബിനുവിനെ സര്‍വീസില്‍നിന്ന് നീക്കിയത്. ബിനു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അപകടകരമാംവിധം ബസ് ബൈക്കിനെ മറികടന്നതാണ് അപകടമുണ്ടാക്കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈക്ക് യാത്രക്കാരെ ജാഗ്രതയോടെ വീക്ഷിച്ച് വേഗം കുറച്ച് കൃത്യമായ അകലം പാലിച്ച് ബസ് ഓടിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.
ഇതിനിടെ ശികയുടെ അച്ഛന്‍ ജി. അജയകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അജയകുമാര്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്.