കണ്ണൂർ- പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ കണ്ണൂർ വനിതാ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാൻ രാഷ്ട്രീയ ഇടപെടലുണ്ടായത് വിവാദമാവുന്നു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി ഒഴിവാക്കാനും, കോൺഗ്രസ് അനുഭാവമുള്ള ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ഒരു എം.എൽ.എയും ഉന്നത നേതാവും ഇടപെട്ടുവെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡി.ഐ.ജിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മരവിപ്പിച്ചിരിക്കയാണ്.
കൊലക്കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെ കഴിഞ്ഞ മാസം 24 നാണ് സൗമ്യയെ ജയിലിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന സൗമ്യ, പശുവിനു പുല്ലരിയാൻ പോയ സമയത്ത് മറ്റൊരു തടവുകാരിയുടെ സാരി ഉപയോഗിച്ച് ജീവനൊടുക്കിയെന്നാണ് പറയുന്നത്. സംഭവത്തിൽ ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് അന്വേഷണം നടത്തി ഡി.ജി.പിക്കു റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്നു അസി.പ്രിസൺ ഓഫീസർമാരെ സസ്‌പെൻഡു ചെയ്യുകയും ചെയ്തിരുന്നു. ഇത് അന്നു തന്നെ വിവാദമായിരുന്നു. നടപടിക്കു വിധേയരായവരിൽ രണ്ട് പേർ സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഇല്ലാത്തവരായിരുന്നുവെന്നാണ് ജയിൽ രേഖകൾ കാണിക്കുന്നത്. മാത്രമല്ല, ഇവർ കോൺഗ്രസ് അനുകൂല സംഘടനാ അനുഭാവമുള്ളവരായതിനാൽ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവും ഉയർന്നിരുന്നു.
അതിനിടെ, ജയിൽ ചട്ടങ്ങൾ മറികടന്ന് പത്തു വർഷമായി ഒരേ പോസ്റ്റിലിരിക്കുന്ന ജയിൽ സൂപ്രണ്ട് പി. ശകുന്തള, സംഭവ ദിവസം ജയിലിന്റെ ചുമതലയുണ്ടായിരുന്ന അസി.സൂപ്രണ്ട് സി.സി. രമ എന്നിവർക്കെതിരെയുള്ള നടപടികളാണ് ഉന്നത നേതൃത്വം ഇടപെട്ട് മരവിപ്പിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. അസി.സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടികൾക്കു അന്വേഷണം നടത്തിയ ഡി.െഎ.ജി ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ നടപ്പാക്കേണ്ടത് ജയിൽ ഡി.ജി.പിയാണ്. എന്നാൽ സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും നടപടിയുണ്ടായില്ല. ജയിൽ ഉദ്യോഗസ്ഥർക്കെതിെരയുള്ള സസ്‌പെൻഷൻ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് ജയിൽ ഡി.ജി.പി ആവർത്തിക്കുന്നത്.
ഒരാൾ ഒരേ ചുമതലയിൽ മൂന്നു വർഷത്തിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നാണ് ജയിൽ ചട്ടം. എന്നാൽ 2009 ൽ വനിതാ ജയിൽ ആരംഭിച്ചതു മുതൽ ഇവിടെ സൂപ്രണ്ടായി ജോലി ചെയ്യുന്ന പി. ശകുന്തളക്ക് ഇതുവരെ സ്ഥലം മാറ്റം പോലും ഇല്ലാത്തത് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാലാണെന്ന് ആരോപണം ഉയർന്നിരുന്നു. ശകുന്തളക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ആഭ്യന്തര വകുപ്പിനു കത്തു നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ ഈ നിർദ്ദേശവും മരവിപ്പിക്കപ്പെട്ടിരിക്കയാണ്. സംഭവ ദിവസം ഇവർ അവധിയിലായിരുന്നുവെന്നാണ് പറയുന്നത്. ജയിൽ സുരക്ഷ പോലും കണക്കിലെടുക്കാതെ ഉന്നത ഉദ്യോഗസ്ഥർ തോന്നുന്നതു പോലെ അവധിയെടുക്കുന്നതും പതിവാണെന്നാണ് ഡി.ഐ.ജി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ഇവിടെ താരതമ്യേന ജൂനിയറായ മൂന്നു ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. അസി.സൂപ്രണ്ടിനു ചുമതലയുണ്ടായിരുന്നുവെങ്കിലും ഇവർ രാവിലെ 11.30 നു ശേഷമാണ് ജയിലിലെത്തിയത്. രാവിലെ 9.30 നാണ് സൗമ്യ ജീവനൊടുക്കിയത്. ജയിലിൽ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്നു വ്യക്തമായിട്ടും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കാത്തതാണ് വിവാദമായത്.