ഇടുക്കി - കോൺഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ, സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ് രാജേന്ദ്രനും സംഘപരിവാർ കൂടാരത്തിലേക്കോ?
ദേവികുളം മുൻ എം.എൽ.എ കൂടിയായ എസ് രാജേന്ദ്രൻ ബി.ജെ.പിയിൽ ചേരുമെന്ന് വ്യാപക പ്രചാരണമുണ്ടെങ്കിലും നിലവിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് എസ് രാജേന്ദ്രൻ പറയുന്നത്. എന്നാൽ, ബി.ജെ.പിയിൽ ചേരില്ലെന്നു തീർത്തുപറയാൻ അദ്ദേഹം തയ്യാറായിട്ടില്ലെന്നു മാത്രമല്ല, സി.പി.എം നേതൃത്വത്തിന് മുമ്പിൽ തന്റെ ഉപാധി മുന്നോട്ടു വച്ചതായാണ് അദ്ദേഹത്തിൽനിന്ന് ലഭിക്കുന്ന വിവരം.
'എനിക്കെതിരേയുള്ള സസ്‌പെൻഷൻ പിൻവലിക്കാൻ സി.പി.എം ഇതുവരെ തയ്യാറായിട്ടില്ല. അത് പിൻവലിച്ചില്ലെങ്കിൽ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ആലോചിക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള ബി.ജെ.പി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പിന്നാലെ, പി.കെ കൃഷ്ണദാസ് അടക്കമുള്ള കേരള ബി.ജെ.പി നേതാക്കളും സംസാരിച്ചു. ഈ വിവരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററെ എ.കെ.ജി സെന്ററിലെത്തി അറിയിച്ചതാണ്. എന്നിട്ടും തന്റെ സസ്‌പെൻഷൻ നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധമുണ്ട്. സി.പി.എം അകറ്റി നിർത്തിയാലും പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല. ബി.ജെ.പിയെ പോലെ മറ്റു ചില രാഷ്ട്രീയ പാർട്ടികളിൽനിന്നും ക്ഷണമുണ്ടെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. മൂന്നുതവണ ദേവികുളം എം.എൽ.എയായ രാജേന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കാതെ വന്നതോടെ വിമത പ്രവർത്തനം നടത്തിയെന്ന റിപോർട്ടിലാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത്-വലത് ചേരിയിൽ രാഷ്ട്രീയ നിലപാടില്ലാതെ അധികാര നേട്ടങ്ങൾക്കുവേണ്ടി ചാഞ്ചാടാൻ ഒരുങ്ങി നിൽക്കുന്നവരെ വലിയ ഓഫറുകൾ നൽകി കൂടെ നിർത്താനാണിപ്പോൾ ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി രാഷ്ട്രീയത്തിന് കേരളീയസമൂഹത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതിനെ തുടർന്നാണ് കേന്ദ്ര ഭരണത്തിന്റെ തണലിൽ, ഇരുമുന്നണിയിലും വിവിധ പാർട്ടികളിലും അസംതൃപ്തരായി കഴിയുന്ന, സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാൻ താൽപര്യമുള്ളവരിലേക്ക് വലയെറിഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്.
കെ മുരളീധരനായി ചുവരെഴുതി ടി.എൻ പ്രതാപൻ; ഗ്രൂപ്പുകളിയൊക്കെ മാറി തൃശൂരിൽ പുതു ആവേശം, റോഡ് ഷോ നാളെ