കൊണ്ടോട്ടി- കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉംറ വിസയിൽ സൗദിയിൽ പോയവർക്ക് ഈ വർഷം ഉംറ തീർഥാടനത്തിന് പോകാൻ രണ്ടായിരം സൗദി റിയാൽ (40,000 രൂപ) അധികം നൽകണമെന്ന് നിർദേശം. ഈ വർഷത്തെ ഉംറ വിസ സ്റ്റാമ്പിംഗ് സെപ്റ്റംബർ 11 മുതൽ ആരംഭിക്കാനിരിക്കെയാണ് സൗദി മന്ത്രാലയം അംഗീകൃത ഗ്രൂപ്പുകൾക്കും ഏജന്റുമാർക്കും നിർദേശം നൽകിയത്. തൊട്ടു മുൻ ഹിജ്‌റ വർഷത്തിൽ ഉംറക്ക് പോയവർക്ക് മാത്രമാണ് നേരത്തെ രണ്ടായിരം റിയാൽ അധികം നൽകേണ്ടിയിരുന്നത്.
കഴിഞ്ഞ ഹിജ്‌റ വർഷം ഉംറ തീർഥാടനത്തിന് പോയവർക്ക് രണ്ടായിരം റിയാൽ നൽകണമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും, ഉംറ നിബന്ധനകളിൽ, അഞ്ച് വർഷത്തിനിടെ ഉംറക്ക് പോയവർക്ക് നിയമം ബാധകമാണെന്നു സൂചിപ്പിക്കുന്നതായി ട്രാവൽ ഏജന്റുമാർ പറയുന്നു. ഹജിന് പോയവർക്ക് ഇത് ബാധകമല്ല. തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങളും മറ്റും നൽകണമെന്നും സമയ പരിധിക്കുളളിൽ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും നിർദേശമുണ്ട്. അനധികൃത ഉംറ കുടിയേറ്റക്കാരെ കണ്ടെത്തിയാൽ ഇവരെ എത്തിച്ച ഏജൻസിയുടെ ലൈസൻസ് റദ്ദാക്കും.
സെപ്റ്റംബർ 11 മുതൽ ഉംറ വിസ അനുവദിക്കുമെങ്കിലും കേരളത്തിൽ രണ്ടാഴ്ചത്തേക്ക് വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുളളത്. സൗദിയിൽ അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതിനാൽ വിമാന ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. മാത്രവുമല്ല നിലവിലെ നിരക്കിന്റെ ഇരട്ടിയാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതോടെ ഉംറ വിസ ആരംഭിച്ചാലും ആദ്യ രണ്ടാഴ്ചയിൽ കേരളത്തിൽ നിന്ന് ആർക്കും തീർഥാടനത്തിന് പോകാനാവാത്ത സാഹചര്യമാണുളളതെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു.
പാസ്‌പോർട്ടിൽ ഉംറ വിസ സ്റ്റാമ്പിംഗ് നിർത്തി വിസയായി നൽകുന്ന രീതിയാണ് ഈ വർഷവും സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് പാസ്‌പോർട്ടിലെ സ്റ്റാമ്പിംഗ് നിർത്തി തൊഴിൽ വിസകളുടെ രീതിയിൽ ഓൺലൈൻ വിസയായി ഉംറ വിസ മാറ്റിയത്.