Sorry, you need to enable JavaScript to visit this website.

പ്രവാസികളില്‍ പലര്‍ക്കും പണി കൊടുത്തത് കോപമാണ്; എത്രപേരാണ് ജയിലില്‍

പൂ പോലെ പെരുമാറുന്നവനേയും തീ പോലെ കരിച്ച് നാറ്റിക്കുന്ന ഒന്നാണ് അമിതകോപം. ഇത് നിയന്ത്രിച്ചില്ലെങ്കില്‍
എത്ര മനോഹരമായ വ്യക്തിത്വത്തിന്നുടമയാണെങ്കിലും അവന്‍ ദേഷ്യക്കാരന്‍ എന്ന് ബ്രാന്റ് ചെയ്യപ്പെടും.
നേട്ടങ്ങളൊക്കെ കത്തിച്ചാമ്പലാക്കുന്ന കനല്‍ കൂടിയാണ് ക്രോധം. 'മനുഷ്യ ഹൃദയത്തിലെ തീക്കട്ടയാണ് ദേഷ്യം'
മുഹമ്മദ് നബി (സ) യുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉറക്കിലും മറക്കരുത്.
മറ്റുള്ളവര്‍ക്ക് നമ്മോടുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്ന പലതും കോപം കത്തുന്ന സമയത്ത് നമ്മള്‍ കാട്ടി കൂട്ടും. അത് നമ്മുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴിത്തുകയും മറ്റുള്ളവര്‍ക്ക് നമ്മോടുള്ള മതിപ്പ് നഷ്ടപ്പെടുത്തുകയും ചെയ്യും.
ദേഷ്യക്കാരനായ മകനോട് ഒരിക്കല്‍ പിതാവ് പറഞ്ഞു ' ദേഷ്യം വരുമ്പോള്‍ മോന്‍ നമ്മുടെ മതിലില്‍ ദേഷ്യം തീരുവോളം ആണികളടിച്ച് കയറ്റണം ' വികൃതിക്കാരനത് വല്ലാത്ത ആവേശം. കുറച്ച് ദിവസം അവനത് തുടര്‍ന്നു.
പിതാവ് ഒരു ദിവസം അവനേയും കൊണ്ട് മതിലിനരുകില്‍ ചെന്നു ആണികളോരോന്നായി പറിക്കാന്‍ പറഞ്ഞു. മതിലാകെ തുളകള്‍.. കുട്ടിക്കെന്തോ തെറ്റ് ചെയ്ത ചമ്മല്‍.
മോനേ.....ഇതാണ് ദേഷ്യം വരുത്തി വെക്കുന്ന വിന.
ദേഷ്യപ്പെടുമ്പോള്‍ പറയുന്നന്ന വാക്കുകളും പ്രവൃത്തിളും പലരുടേയും ഹൃദയത്തില്‍ തുളയുണ്ടാക്കും. അവകളിലൂടെ നമ്മോടുള്ള ഇഷ്ടം ചോര്‍ന്ന് പോകും.
'ദേഷ്യം ഒരുതരം ആസിഡാണ് അത് പ്രയോഗിക്കപ്പെടുന്ന വസ്തുവിനെക്കാള്‍ പരിക്ക് പറ്റുക സൂക്ഷിച്ച് വെച്ച പാത്രത്തിനായിരിക്കും' മാര്‍ക്ട്വയ്‌നിന്റെ ഈ വാക്കുകള്‍ എത്രത്തോളം ശരിയാണെന്നറിയാന്‍ അമിതമായി കോപിക്കുന്നവരുടെ ശാരീരിക മാനസീകാവസ്ഥകളും നിലവിലുള്ള സാഹചര്യങ്ങളും  വിലയിരുത്തിയാല്‍ മതി.
ആളാകാന്‍ കോപത്തെ കൂട്ട് പിടച്ചവര്‍ കെണിയിലകപ്പെട്ട സംഭവങ്ങള്‍ ധാരാളം!
ജോലി പോയവര്‍,പ്രമോഷന്‍ തടയപ്പെട്ടവര്‍ അച്ചടക്ക രാഹിത്യത്തിന് ശിക്ഷിക്കപ്പെട്ടവര്‍ ഇങ്ങനെ പലരേയും ഈ പട്ടികയില്‍ ഉള്‍പെടുത്താന്‍ കഴിയും.
കോപം പകയായി കൊലപാതകത്തില്‍ കലാശിച്ച കഥകള്‍ക്ക് പഞ്ഞമില്ല. പ്രവാസ ലോകത്ത് ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിയുന്ന പലര്‍ക്കും പണി കൊടുത്തത് കോപമാണ്.
എത്രയോ സ്ത്രീകള്‍ക്ക് പ്രവാസികളായ ഭര്‍ത്താക്കന്‍മാരെ നഷ്ടപ്പെടാന്‍ കാരണമായതിലും കോപത്തിന്റെ കൈകള്‍ക്ക് പങ്കുണ്ട്. പലതിനേയും ചൊല്ലി റൂമിലും അടുക്കളയിലും ജോലിയിടങ്ങളിലും ഉടലെടുത്ത വാക്ക് പോരുകള്‍ രക്തചൊരിച്ചിലിലാണ് അവസാനിക്കാറ്.
ഭദ്രമായ ഭാവി മോഹിച്ച് നാട്ടു വീടും വിട്ട് കടല്‍ കടന്ന് വന്ന പ്രവാസികള്‍ മറ്റാരേക്കാളും കോപം നിയന്ത്രിക്കാന്‍ പഠിച്ചേ മതിയാകൂ. അത് ഭീരുത്വമല്ല കരുത്തും ധൈര്യവുമാണ്.
'കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനാണ്  കരുത്തുള്ളവന്‍ ' മുഹമ്മദ് നബി (സ ).
കോപം പരിധി വിട്ടാല്‍ തനി ഭ്രാന്തായി മാറിയെന്നും വന്നേക്കാം.
കുഞ്ചന്‍ നമ്പ്യാര്‍ തന്റെ കവിതയില്‍ കോപാഗ്‌നി കത്തിയാളുന്നവന്റെ കോപ്പിരാട്ടികള്‍ പറയുന്നത് നോക്കൂ..
'ചുട്ടുതിളക്കും വെള്ളമശേഷം
കുട്ടികള്‍ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ
കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു,
ഉരലുവലിച്ചു കിണറ്റില്‍ മറിച്ചു,
ചിരവയെടുത്തത് തീയിലെരിച്ചു,
അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു. '
അമിതമായ കോപം ആപത്താണെന്ന കാര്യം നമുക്ക് നന്നായി അറിയാം.
അതിനെ നേരിടാന്‍. മല്ലയുദ്ധത്തിനുളള കഴിവ് പോരാ മനസ്സിനോട് മല്ലടിക്കാനുളള പ്രത്യേക കഴിവ് തന്നെ ആര്‍ജ്ജിക്കണം.
'കോപം പ്രയോഗിക്കാന്‍ കഴിവുണ്ടായിരിക്കെ അതടക്കിപ്പിടിച്ചവനെ പുനരുത്ഥാന നാളില്‍ അല്ലാഹു സകല  സൃഷ്ടികളുടെയും ഇടയില്‍നിന്ന് വിളിച്ച് തനിക്കിഷ്ടമുള്ള സ്വര്‍ഗകന്യകയെ തെരഞ്ഞെടുത്തു കൊള്ളാന്‍ പറയും ' മുഹമ്മദ് നബി ( സ ).
ഇത്തരം ആത്മീയ ചിന്തകള്‍ക്ക് കോപം നിയന്ത്രണ വിധേയമാക്കാന്‍ കഴിയും. കോപം വരുമ്പോള്‍ ഇരിന്നും കിടന്നും അംഗസ്‌നാനം ചെയ്തും അത് നിയന്ത്രണ വിധേയമാക്കാനാകുമെന്ന് മുഹമ്മദ് നബി ( സ ) പഠിപ്പിച്ചിട്ടുണ്ട്.
ദേഷ്യപ്പെടാനുള്ള  കാരണങ്ങള്‍ പലതാണ്.
ജോലി സ്ഥലങ്ങളിലെ ദേഷ്യപ്പെടലുകള്‍ക്ക് പ്രധാന കാരണം ആത്മവിശ്വാസമില്ലായ്മയാണ്.നമ്മള്‍ ചെയ്യുന്ന ജോലിയിലെ കുറവുകള്‍ സഹപ്രവര്‍ത്തകരോ ബോസോ ചൂണ്ടികാട്ടുമ്പോഴാണ് നമുക്ക് ദേഷ്യം വരാറ്.
നമ്മുടെ കുറവുകള്‍ മറച്ച് വെക്കാനുള്ള ഒരു വിഫല ശ്രമമാണത്. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ചുള്ള വ്യക്തമായ അറിവാണ് ആത്മവിശ്വാസം പകരുന്നത്. ഭാര്യ, മക്കള്‍, ജോലിക്കാര്‍ തുടങ്ങിയവരോട് ദേഷ്യപ്പെടാനുള്ള മുഖ്യ കാരണം അഹങ്കാരം തന്നെയാണ് .  'എന്നെ എന്ത് കൊണ്ട് അനുസരിച്ചില്ല ' ഈ ചിന്തക്ക് ചൂടുപിടിച്ചാണ് കോപമായി കത്തുന്നത്.
അഹങ്കാരം കൊണ്ടുള്ള ദേഷ്യപ്പെടലിന് ഗുണകരമായ ഫലം ലഭിക്കില്ല.
'തിന്മയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വെറുക്കണം ' മുഹമ്മദ് നബി (സ )യുടെ ഈ ആജ്ഞ അനുസരിക്കാന്‍ ദേഷ്യമെന്ന വികാരം കൂടിയേ തീരൂ. ഇത് പോലെ പല നിലക്കും ദേഷ്യം അനുഗ്രഹമാണ്.
പക്ഷേ അത് കൂടിയാല്‍ ആപത്തായി മാറും.


 

Latest News