Sorry, you need to enable JavaScript to visit this website.

 ഇനി യാതൊരു ബന്ധവുമില്ല, അച്ഛന്റെ ചിതയിടത്തിൽപോലും പത്മജയെ കയറ്റില്ലെന്ന് - കെ.മുരളീധരൻ

കോഴിക്കോട് - പത്മജയെകിട്ടിയതുകൊണ്ട് ബി.ജെ.പിക്ക് കാൽകാശിന്റെ ഗുണമുണ്ടാവില്ലെന്ന് സഹോദരനും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കെ.മുരളീധൻ എം.പി. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതാണെ
ന്നും കെ മുരളീധരൻ. കോഴിക്കോട്ടെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മജയുടെ അപ്രതീക്ഷിതമായ നീക്കത്തിൽ വികാരാധീനനായാണ് മുരളി പ്രതികരിച്ചത്. പത്മജയുമായി ഇനിയൊരു ബന്ധവുമില്ല. അച്ഛന്റെ ശവകൂടിരത്തിനടുത്തുപോലും സംഘിയെ കയറ്റുകയില്ല. കോൺഗ്രസിന്റെ ത്രിവർണപതാക പുതപ്പിച്ചാണ് അച്ഛനെ സംസ്‌കരിച്ചത്. അവിടെ സംഘികൾക്കിനി സ്ഥാനമുണ്ടാവില്ല. കോൺഗ്രസിൽ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാൻ നോക്കി എന്നൊക്കെ പറയുന്നത് കണ്ടു. അതൊന്നും ശരിയല്ല. കോൺഗ്രസ് എന്നും നല്ല പരിഗണന ആണ് അവർക്ക് കൊടുത്തത്. 
ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാർട്ടി എന്നും മത്സരിപ്പിച്ചത്. 52000 വോട്ടിന് യു.ഡി.എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ൽ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ൽ തേറമ്പിൽ രാമകൃഷ്ണൻ 12000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു ആരെങ്കിലും കാലുവാരിയാൽ തോൽക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂർക്കാവിൽ ഞാൻ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും ഞാൻ ജയിച്ചില്ലേ. ആരെങ്കിലും കാലുവാരിയാൽ തോൽക്കുമെങ്കിൽ ഞാൻ തോൽക്കണ്ടേയെന്നും മുരളീധരൻ ചോദിച്ചു.
ജനങ്ങൾക്ക് വിധേയമായി നിൽക്കണം. പാർട്ടി വിട്ട് പോകേണ്ടി വന്ന ഘട്ടത്തിൽ പോലും കെ.കരുണാകരൻ വർഗീയതയോട് സന്ധി ചെയ്തില്ല. പത്മജയെ എടുത്തത് കൊണ്ട് ഒന്നാം സ്ഥാനത്തെത്തുമെ ന്ന് കരുതുന്ന മണ്ഡലത്തിലടക്കം ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പോകേണ്ടി വരും.
 പാർട്ടിയിൽ എന്ത് കിട്ടിയാലും ഇല്ലെങ്കിലും കരുണാകരനെ ചിതയിലേക്കെടുക്കുമ്പോൾ പുതപ്പിച്ച ഒരു പതാകയുണ്ടെന്ന കാര്യം ഓർക്കണമായിരുന്നു. എനിക്കൊരുപാട് പ്രയാസം പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. അതൊന്നും കൊണ്ട് ഞാൻ ബിജെപിയിൽ പോയിട്ടില്ലെന്നും മുരളീധരൻ കൂട്ടി ചേർത്തു.

Latest News