Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്മജ ഫോണിൽ ബ്ലോക്ക് ചെയ്തു, പാർട്ടിക്ക് ക്ഷീണമുണ്ടാകില്ലെന്ന് കെ മുരളീധരൻ; പത്മജയുടെ കലിപ്പിന് കാരണം ഇത്

കോഴിക്കോട് - മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ യശ്ശശരീരനായ കെ കരുണാകരന്റെ മകളും കെ.പി.സി.സി ജനറൽസെക്രട്ടറിയുമായ പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശന വാർത്തകളിൽ പ്രതികരിച്ച് സഹോദരനും കെ.പി.സി.സി മുൻ പ്രസിഡന്റുമായ കെ മുരളീധരൻ എം.പി രംഗത്ത്.
 പാർട്ടി വിടുന്നത് സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നല്കിയിട്ടില്ലെന്നും ഇന്നലെ രാവിലെ ഇതുമായി ബന്ധപ്പെട്ട സൂചന പുറത്തുവന്നപ്പോൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 പത്മജ ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം ഉയർന്നതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അവർതന്നെ വാർത്ത നിഷേധിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ പോസ്റ്റ് പിൻവലിച്ച് അഭ്യൂഹങ്ങൾ ശരിവെക്കുംവിധം എഫ്.ബി പ്രൊഫൈൽ ക്യാപ്ഷൻ അടക്കം പത്മജ മാറ്റുകയായിരുന്നു. ഇന്ന് ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്തെത്തി പത്മജ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപോർട്ടുകൾ. തൃശൂരിൽ സിറ്റിംഗ് എം.പി ടി.എൻ പ്രതാപനെ തറപറ്റിച്ച് നടൻ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കുന്നതിൽ പത്മജയുടെ നീക്കം നിർണായകമാവുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ. പ്രത്യുപകാരമെന്നോണം പത്മജയ്ക്ക് രാജ്യസഭാ സീറ്റും പാർട്ടിയിലെ ഉന്നത പദവിയും അടക്കം ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് വിവരങ്ങൾ. 
 ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായെല്ലാം കാര്യങ്ങൾ അവതരിപ്പിച്ച് പത്മജയുടെ ബി.ജെ.പി പ്രവേശത്തിൽ സുരേഷ് ഗോപി ഫലപ്രദമായ ഇടപെടൽ നടത്തിയെന്നാണ് വിവരം. പത്മജയുടെ വരവിലൂടെ രാഷ്ട്രീയ വോട്ടുകളിൽ വലിയ നേട്ടമുണ്ടാക്കാനൊന്നും ബി.ജെ.പിക്കാവില്ലെങ്കിലും മുൻ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകന് പിന്നാലെ കെ കരുണാകരന്റെ മകളെയും ബി.ജെ.പിയിൽ എത്തിക്കാനാവുന്നത് വലിയ നേട്ടമായാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഇക്കാര്യം ഇടതുപക്ഷത്തിനും വലിയ പ്രചാരണ ആയുധമാവും.
  പാർട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളിൽ നേതൃത്വം തന്റെ വികാരം ഉൾക്കൊള്ളാത്തത് പത്മജ പലപ്പോഴായി ചൂണ്ടിക്കാണിച്ചെങ്കിലും ഇത്തരമൊരു കളംമാറ്റം കോൺഗ്രസ് നേതൃത്വത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ കണ്ണുവെച്ചെങ്കിലും അതും തനിക്ക് ലഭിക്കില്ലെന്ന് ബോധ്യമായതോടെയാണ് പാർട്ടി നേതൃത്വത്തോടുള്ള തന്റെ കലിപ്പ് തീർക്കാൻ പത്മജ ബി.ജെ.പി ഓഫറിന് തലവെച്ച് കൊടുത്തത്.
 അതിനിടെ, പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോകുന്നത് ഇ.ഡിയെ ഭയന്നാണെന്ന് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. അവർ ബി.ജെ.പിയിൽ ചേരുന്നത് നിർഭാഗ്യകരമാണ്. പാർട്ടി അവർക്ക് എല്ലാ അംഗീകാരവും നൽകിയതാണ്. ഇ.ഡി പത്മജയുടെ ഭർത്താവ് വേണുഗോപിലിനെ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് അവർ ബി.ജെ.പിയിൽ പോകുന്നതെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
 

Latest News