Sorry, you need to enable JavaScript to visit this website.

ആകാംക്ഷ പരത്തി മുഖ്യമന്ത്രി-ഗവർണർ കൂടിക്കാഴ്ച; ചായ കുടിച്ച് കൂപ്പുകൈകളോടെ പിരിഞ്ഞു, മഞ്ഞുരുക്കത്തിന്റെ തുടക്കം

തിരുവനന്തപുരം - സർക്കാർ-ഗവർണർ പോര് തുടരുന്നതിനിടെ ആകാംക്ഷ പരത്തി മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനൊപ്പം ചായസൽക്കാരത്തിൽ പങ്കെടുത്തു. പുതിയ ചീഫ് ഇൻഫർമേഷൻ ഓഫീസറായി വി ഹരി നായർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്ന ചടങ്ങിലാണ് ഗവർണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നൽകി അഭിവാദ്യം ചെയ്ത് ചായ കുടിച്ച് പിരിഞ്ഞത്.
 നേരത്തെ രാജ്ഭവനിൽ നടന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ അടക്കം പരസ്പരം നോക്കാനോ ഹസ്തദാനം നടത്താനോ ചായസൽക്കാരത്തിനോ നിൽക്കാതെ ഇരുവരും പരസ്യമായ നീരസം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാതെ ഗവർണർ നിയമസഭ വിട്ടുപോയതും ഏറെ ചർച്ചയായെങ്കിലും ഇരുവരും പരസ്പരം മിണ്ടാതെ പിണക്കം തുടരുകയായിരുന്നു. എന്നാൽ, ഇന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഇരുവരും മുൻ ശൈലിയിൽനിന്ന് ചെറുതായൊന്ന് മാറി. പരസ്പരം നോക്കാനും വണങ്ങനും ഒരുമിച്ച് ചായ കുടിക്കാനും ഇരുവരും തയ്യാറായത് കണ്ടുനിന്നവരിലും മനസ്സ് നിറച്ചു.
 രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂപ്പുകൈകളോടെ സ്വാഗതം ചെയ്തപ്പോൾ മുഖ്യമന്ത്രി പിണറായിയും ഗവർണറെ പ്രത്യഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞക്കു ശേഷമുള്ള ചായസൽക്കാരത്തിലും ഇരുവരും മനസ്സൊന്ന് പാകപ്പെട്ടു. ഗവർണർ നൽകിയ കേക്ക് പുഞ്ചിരിയാർന്ന മുഖത്തോടെ മുഖ്യമന്ത്രി സ്വീകരിച്ചു. ഗവർണറിൽനിന്ന് കേക്ക് വാങ്ങുന്ന മുഖ്യമന്ത്രിയുടെ ഈ ചിത്രവും രാജ്ഭവൻ പുറത്തുവിട്ടതിൽ പെടും. 
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുത്ത് സൗഹൃദം പുതുക്കി. 
 

Latest News