കേരളത്തിലേക്കുള്ള ഇസ്ലാം ആഗമനം എക്കാലത്തും ചരിത്രകാരന്മാരിൽ കൗതുകമുള്ള ഒരു സംവാദ മണ്ഡലമാണ്. എന്നായിരിക്കും ആ സ്നേഹ വിശ്വാസത്തിൻ്റെ നൂപുര സംഗീതം നമ്മുടെ ഹരിത പുളിനങ്ങളിൽ ചിരിച്ചുണർന്നത്? . പ്രവാചകന്ന് ശേഷം ആണ്ടറുതികൾ പാഞ്ഞു കടന്നതിനുശേഷമോ ?. അതോ ആ പുണ്യജീവിതത്തിന്റെ കാല സമത്തിലോ. മലയാളത്തിലെ ഇസ്ലാമിക പ്രഭാവത്തെ അരുമയോടെ നിരീക്ഷിക്കുന്ന ഏതൊരാളും ഈ സംവാദത്തിൽ ആലോചനകൾ കൊണ്ട് ഇടപെടുന്നവർ തന്നെയാവും . തദ്മണ്ഡലത്തിൽ നിരവധി വാദ പ്രതിവാദങ്ങൾ പലപ്പോഴായി കൊടുമ്പിരി കൊണ്ടതാണ്. ഇന്നും ഉപാദാന ഖനനങ്ങൾ ശീഘ്രത്തിൽ തന്നെ തുടരുന്നു. എന്നാൽ ഈ സംവാദത്തിൽ ഒരു ഉപ സംവാദമണ്ഡലം സമാന്തരമായി വികസിച്ചു വന്നതാണ് മലയാള ദേശങ്ങളിലെ ഇസ്ലാമിക പ്രഭാവത്തിന്റെ അടിസ്ഥാന സ്രോതസ്സ് ഹിജാസീ സ്വാധീനമാണോ അതോ പേർഷ്യൻ ശിയാ ദേശങ്ങളിലെ സ്വാധീനമാണോ എന്നത്. ഈയൊരു അക്കാദമിക ചർച്ച പക്ഷേ ഗൗരവത്തിൽ നാം മലയാളികൾ ഏറ്റെടുത്തിട്ടില്ല. എന്നാൽ കേരളത്തിലെ തലയെടുപ്പുള്ള മൂന്നു ചരിത്രാന്വേഷകർ ആറുപതിറ്റാണ്ടിനപ്പുറം ഈയൊരു മേഖലയിൽ ഗഹനമായ ആലോചനകൾ വികസിപ്പിക്കുകയും അത് ദീർഘദയാർന്ന പ്രബന്ധങ്ങളായി പത്രത്താളുകളിലൂടെ പുറത്തു വരികയും അന്നത് കേരളീയ മുസ്ലിം സമാജത്തിൽ സജീവമായ ചർച്ചയാവുകയും ചെയ്തതാണ്. ചരിത്രബോധമില്ലാത്തവരാണ് പൊതുവേ കേരളീയ മുസ്ലീങ്ങൾ എന്നൊരു നിരീക്ഷണമുണ്ട് . അതുകൊണ്ടാവാം അര നൂറ്റാണ്ടിനപ്പുറത്ത് വികസിച്ചു വന്ന ഈ ഒരു സംവാദ പരിസരം പുതിയ ആലോചനകളെ കൊണ്ട് പൂരിപ്പിക്കാനാവാതെ സ്തംഭിച്ചു നിന്നത്.
നൂറ്റാണ്ടിനപ്പുറത്ത് ഇത് സംബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ട മൂന്നു ഗവേഷണ പ്രബന്ധങ്ങൾ യുവ ചരിത്രകാരനും എഴുത്തുകാരനുമായ ശമീർ കരിപ്പൂർ കണ്ടെടുത്ത് കോഴിക്കോട് യുവതാ ബുക്സ് ഇയ്യിടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. 'ഇസ്ലാമിന്റെ കേരളീയ പ്രവേശം :ചരിത്രസംവാദം'. മൗലികതയുള്ള മൂന്ന് ഗവേഷണ പ്രബന്ധങ്ങളാണീ പുസ്തകത്തിലുള്ളത്. ഒന്നാമത്തേത് പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫസർ മങ്കട അബ്ദുൽ അസീസിൻ്റേ താണ്. അദ്ദേഹമാണ് ചന്ദ്രിക ദിനപത്രത്തിലൂടെ ഈ സംവാദം പുതുതായി ഉയർത്തിക്കൊണ്ടു വന്നതും. തൻ്റെ ദീർഘമായ പ്രബന്ധത്തിൽ അദ്ദേഹം ഉന്നയിക്കുന്നത് മലയാള നാട്ടിലെ ഇസ്ലാമിക പ്രതിനിധാനത്തിന് ആധാരവും കാരണവും അറേബ്യൻ ജനതയുമായുള്ള സംസർഗമോ സ്വാധീനമോ അല്ല;മറിച്ച് പേർഷ്യൻ ദേശങ്ങളും അതിൻ്റെ പ്രാന്ത ജന പദങ്ങളുമായുള്ള ഗാഢമായ ആശ്ലേഷ സൗഹൃദമാണെന്നും അതിൻ്റെ പ്രത്യക്ഷ സാക്ഷ്യങ്ങൾ പതിയേ മാഞ്ഞു പോയതാണെന്നും സൂക്ഷ്മമായ ഖനന നിർദ്ധാരണത്തിലൂടെ അതത്രയും കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രൊഫസർ മങ്കട അബ്ദുൽ അസീസ് നിരീക്ഷിക്കുന്നത്.
തൻ്റെ നിരീക്ഷണങ്ങൾ ഉറപ്പിച്ചെടുക്കാൻ നിരവധി ഉപാദാനങ്ങൾ അദ്ദേഹം മുന്നോട്ട് വെക്കുന്നുണ്ട്. പ്രാചീന അറേബ്യൻ ഗോത്രങ്ങൾക്ക് പ്രവാചക കാലത്തുപോലും മലയാളക്കരയുമായി വിശേഷബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നതാണ് മങ്കട അബദുൽ അസീസിന്റെ വാദം. എന്ന് മാത്രമല്ല മാലിക് ദീനാറും സംഘവും പോലും മലയാളക്കരയിലെത്തിയത് അറേബ്യയിൽ നിന്നല്ല,മറിച്ച് പേർഷ്യൻ പ്രാന്തമായ ഇറാക്കീ നഗരത്തിൽ നിന്നാണെന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. കോഴിക്കോട്ടെ പ്രസിദ്ധമായ മിശ്കാൽ പള്ളി നിർമിച്ച നാഖൂദി മിഷ്കാൽ വൻ കപ്പൽ വണിക്കായ ഒരു പേർഷ്യക്കാരൻ ആയിരുന്നുവത്രേ. മറ്റൊരാൾ ഇബ്രാഹിം ഷാബന്ദറും പേർഷ്യൻ ദേശവാസി. നാഖൂദി എന്നാൽ പേർഷ്യൻ ഭാഷയിൽ കപ്പിത്താൻ എന്നാണർത്ഥം. പോർച്ചുഗീസുകാർക്കെതിരെ സാമൂതിരി നടത്തിയ യുദ്ധങ്ങളിൽ പങ്കെടുത്ത പേരുകൾ പരിശോധിച്ചാണ് അവരേറെയും പേർഷ്യക്കാരും തുർക്കികളും ആയിരുന്നുവെന്ന് പ്രൊഫ. മങ്കട അബ്ദുൽ അസീസ് കണ്ടെത്തുന്നത് . ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.
പി.ടി കുഞ്ഞാലി
കോഴിക്കോട്ടെ കോയമാർ പേർഷ്യൻ നാട്ടിലെ ഖോജമാരുടെ പിതൃവഴിയാണ്. അല്ലാതെ അതൊരിക്കലും ശുദ്ധ അറേബ്യൻ സംജ്ഞയല്ല. ക്രിസ്തുവിന് ശേഷം 655 -71 കാലത്ത് കേരളം ഭരിച്ചിരുന്ന പള്ളി ബാണ പെരുമാൾ ഇസ്ലാം വിശ്വസിച്ചത് പേർഷ്യൻ മുസ്ലിംകളുടെ സമ്പർക്കം കൊണ്ടാണെന്നും അദ്ദേഹം അവരോടൊപ്പം നേരെ പോയത് ഇറാഖിലേക്കായിരുന്നുവെന്നും മക്ക വഴി വീണ്ടും ഇറാക്കിൽ എത്തി എന്നും അവിടെ വച്ചാണ് മാലിക് ദീനാറിനെ കണ്ടതെന്നുമാണ് പ്രൊഫ. മങ്കട അബ്ദുൽ അസീസ് വാദിക്കുന്നത്. പ്രാചീന തമിഴ് കാവ്യമായ ചിലപ്പരികാരവും പതിറ്റിപ്പത്തും മാത്രമല്ല അറേബ്യൻ എഴുത്തുകാരനായിരുന്ന ജാഹിളിനേയും സമൃദ്ധമായി ഉദ്ധരിച്ചു കൊണ്ടാണ് പ്രൊഫസർ അബ്ദുൽ അസീസ് വാദിക്കുന്നത്. പേർഷ്യൻ ഗൾഫിലെ സിറാഫ് ആയിരുന്നുവത്രേ പുരാതനകാലത്തെ വ്യാപാര കേന്ദ്രം. മരക്കാർ എന്നതിൻ്റെ തത്ഭവം പേർഷ്യൻ ആണെന്നാണ് ഇദ്ദേഹം പറയുന്നത്.മീർ എന്നാൽ നായകൻ എന്നും കാർ എന്നാൽ യുദ്ധമെന്നുമാണത്രേ അർത്ഥം. ഇതോടുകൂടി കേരളത്തിലെ മരക്കാർ സ്വാധീനത്തിന്റെ ആദ്യസ്രോതസ്സ് പേർഷ്യൻ ആണെന്ന് വരുന്നു.
നിരവധി പേർഷ്യൻ പദങ്ങൾ മുസ്ലിം ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അത് എങ്ങിനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ബാങ്ക്, മൗലവി , മുക്രി , ബാബ, മൊല്ല, കാക്ക, ബീവി, പത്തിരി, ചീരണി തുടങ്ങിയ നിരവധി പദങ്ങൾ അദ്ദേഹം വിശദമായി പ്രബന്ധത്തിൽ അന്വയിക്കുന്നുണ്ട് . ശാഫിഈ മദ്ഹബിന് കേരളത്തിൽ മാത്രം സ്വാധീനം നേടാനായത് കേരളക്കരയുടെ ഇസ്ലാമിക ബന്ധം അറേബ്യയുമായല്ല എന്നതിൻ്റെ തെളിവാണ്. മലബാർ എന്ന പേര് പോലും പേർഷ്യൻ ഭാഷാ നിർമ്മിതിയാണെന്നാണ് അദ്ദേഹം പറയുന്നത്.
നിലനിൽക്കുന്ന ചരിത്ര ബോധങ്ങളെ അപ്പാടെ എതിർവാദങ്ങളുടെ ഉത്തോലകം കൊണ്ട് തീക്ഷ്ണമായി മറിച്ചിട്ട് പോകുന്ന പ്രൊമങ്കട അബ്ദുൽ അസീസിൻ്റെ ചരിത്രക്കാഴ്ച്ച ഏറെക്കുറെ കൗതുകം ഉണർത്തുന്നതും തുടർ ഗവേഷണം അർഹിക്കുന്നതും തന്നെയാണ്.
എന്നാൽ പുസ്തകത്തിലെ മറ്റു രണ്ടു പ്രബന്ധങ്ങളും പ്രൊഫസറുടെ അഭിപ്രായത്തെ പാടെ നിരാകരിക്കുന്നതും മലയാളിയുടെ പ്രാചീന അറേബ്യൻ ഗാഢ ആശ്ലേഷത്തെ ഉറപ്പിച്ചെടുക്കുന്നതുമാണ്. പ്രമുഖ ചരിത്രകാരനായ കെ.കെ.മുഹമ്മദ് അബ്ദുൽ കരീമിൻ്റെ മൗലിക നിരീക്ഷണങ്ങളാണ് പ്രബന്ധത്തിന് ആധികാരികത നൽകുന്നത്. ലോക ജേതാക്കളിൽ വിശ്രുതനായ സിക്കന്തർ റൂമി ( അലക്സാണ്ടർ ചക്രവർത്തി)യുടെ പുറപ്പാടിന്റെയും എത്രയോ മുമ്പ് തന്നെ അറേബ്യൻ ജനതയ്ക്ക് ഇന്ത്യൻ ഭൂപ്രദേശങ്ങളുമായി ഹൃദ്യ വ്യാപാര സൗഹൃദ ബന്ധം ഉണ്ടായിരുന്നുവെന്നതിന്ന് വ്യക്തമായ തെളിവുകൾ നിരത്തുന്നുണ്ട് ലേഖകൻ . ഹിജാസിലേയും യമനിലേയും വ്യാപാരികളായിരുന്നു അക്കാലങ്ങളിൽ കേരളീയ തീരങ്ങളിൽ നിന്നും കച്ചവട സാമഗ്രികൾ വാങ്ങിയിരുന്നത്. അവരത് ഈജിപ്തിലെ അലക്സാണ്ട്രിയായിൽ എത്തിക്കുന്നു. അവിടെനിന്നാണ് യൂറോപ്യൻ വ്യാപാരികൾ ചരക്കുകൾ അവരുടെ നാടുകളിലേക്ക് വാങ്ങിക്കൊണ്ടു പോയിരുന്നത്. അറേബ്യൻ വണിക്കുൾക്ക് മലബാറിന്റെ വിദൂര നാട്ട് വഴികൾ വരേ അക്കാലത്ത് ചിരപരിചിതമായിരുന്നുവത്രേ .നിരവധി പ്രാചീന ചരിത്രപുസ്തകങ്ങളും രേഖകളും ഉദ്ധരിച്ചുകൊണ്ടാണ് മുഹമ്മദ് അബ്ദുൽ കരീം തൻ്റെ ചരിത്ര വാദങ്ങൾ ബോധിപ്പിക്കുന്നത്. ചരിത്രകാരനായ കേസരിയേയും ഇദ്ദേഹം വിപുലമായി ഉദ്ധരിക്കുന്നുണ്ട്. ഇന്ത്യൻ ദേശങ്ങളും ഇവിടെത്തെ വിഭവങ്ങളും അറബികൾക്ക് ഏറേ പ്രിയപ്പെട്ടതായതുകൊണ്ടാവാം അവർ സ്വന്തം മക്കൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ ഹിന്ദ് എന്ന് പേരിട്ടിരുന്നത് എന്നാണ് മുഹമ്മദ് അബ്ദുൽകരീം നിരീക്ഷിക്കുന്നത്. അറേബ്യൻ തീര നഗരമായ സഫാറിൽ തെങ്ങും കവുങ്ങും വെറ്റിലക്കൊടിയും വരെ സുലഭമായികണ്ടതായി അക്കാലത്തെ സമുദ്ര സഞ്ചാരികൾ രേഖപ്പെടുത്തിയത് ഉധരിച്ചുകൊണ്ട് എഴുത്തുകാരൻ സ്ഥാപിക്കുന്നു. കേരളത്തോട് ബന്ധം പേർഷ്യക്കല്ല അറേബ്യൻ നാടുകൾക്ക് തന്നെയായിരുന്നു എന്നാണ് അബ്ദുൽ കരീം വാദിക്കുന്നത് .
കണ്ണൂരിലെ ഇരിക്കൂറിൽ നിലാമുറ്റം സ്മശാനത്തിൽ കാണുന്ന മീസാൻ കല്ലുകളിൽ അറബി പേരുകൾ എഴുതിയത് നമ്മുടെ ചരിത്രകാരന്മാർ വായിച്ചെടുത്തിട്ടുണ്ട്. അറബിയിൽ എഴുതിയ പേരുകൾ ഹസൻ, സീതി എന്നിങ്ങനെയൊക്കെയാണ് .ഇത് രണ്ടും അറബി പേരുകളാണ്. ഇത് അറബി ലിപി പരിഷ്കരണം വന്ന ഹിജ്റ അറുപതിന്ന് മുമ്പുള്ള എഴുത്തുരൂപമാണെന്ന് ഏതാണ്ട് തീർച്ചയാക്കിയതാണ്. ചേരമാൻ പെരുമാളിൻ്റെ വിശ്വാസയാത്ര മറ്റൊരു രീതി മട്ടത്തിലാണ് മുഹമ്മദ് അബ്ദുൽ കരീം അവതരിപ്പിക്കുന്നത്. അക്കാലത്തെ അറബികൾ ഇവിടെ സംസ്കരിക്കപ്പെട്ടത് അറേബ്യൻ ബന്ധത്തെ ഗാഢമായി ഉറപ്പിക്കുന്നത് തന്നെയാണത്രേ. അറബി യാത്രികരോടൊപ്പം പെരുമാൾ കോഴിക്കോട് വിട്ടെന്നും മക്കയിൽ വെച്ച് ഇദ്ദേഹം റസൂലിനെ കണ്ടെന്നുമാണ് അബ്ദുൽ കരീം പറയുന്നത്. പേർഷ്യക്കാരേക്കാള്‍ മലയാളികൾക്ക് ബന്ധവും സൗഹാർദ്ദവും അറേബയോടായിരുവെന്നതും ഉറപ്പിക്കുന്നത് സയ്യിദ് സുലൈമാൻ നദ്‌വി മുതൽ മറ്റു നിരവധി ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ടാണ്. വാസ് കോഡ ഗാമയ്ക്ക് മലബാർ തീരത്തേക്ക് സമുദ്രപഥം കാണിച്ചുകൊടുത്തത് തന്നെ ഒരു അറബിയായിരുന്നു.ഇതദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
മലബാറിലെ അറേബ്യൻ പ്രഭാവം പേർഷ്യൻ ദേശത്തേക്കാൾ മികച്ചതാണെന്നും മലയാളികളുടെ അറബി ഉച്ചാരണം അറബികളുടേതുമായി ഏറെ സമാനമാകുന്നത് വെറുതെയല്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മങ്കട അബ്ദുൽ അസീസ് വിപുലമായി ഉപജീവിച്ച സുലൈമാൻ താജിറെന്ന സഞ്ചാര ചരിത്രകാരനെ അബ്ദുൽ കരീം അപ്പടി തള്ളിക്കളയുന്നു . അങ്ങനെയൊരു സുലൈമാനേ ചരിത്രത്തിൽ ഇല്ലെന്നാണ് അബ്ദുൽ കരീമിൻ്റെ പക്ഷം .ഭാഷാപദങ്ങളും വാക്യങ്ങളും അതിൻ്റെ മാത്രം സ്വര വ്യതിയാനങ്ങളെ അന്വയിച്ച് ചരിത്രം എഴുതാൻ പാടില്ലെന്നും അതൊരു അധിക സാക്ഷ്യമാക്കേണ്ട രണ്ടാം പ്രമാണം മാത്രമാണെന്നുമാണ് മുഹമ്മദ് അബ്ദുൽ കരീം ഓർമിപ്പിക്കുന്നത്. കോയ സീതി , മൊല്ല, മൗലവി, മുസ്‌ലിയാർ തുടങ്ങിയ നിരവധി പദങ്ങൾ ചികഞ്ഞാണ് അബ്ദുൽ കരീം എതിർവാദങ്ങളെ നിരായുധനാക്കുന്നത്. മങ്കട അബ്ദുൽ അസീസിന്റെ കണ്ടെത്തലിനെ വിമർശിച്ചുകൊണ്ട് ചരിത്രകാരനും ഗവേഷകനുമായ ഡോക്ടർ പി.എം അബ്ദുറഹിമാൻ എഴുതിയ പ്രത്യാഖ്യാനവും ശമീർ കരിപ്പൂർ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുണ്ട് . പൗരാണികകാലത്ത് അറേബ്യൻ ദേശത്തിന് മലയാളക്കരയുമായി വാണിജ്യ സൗഹൃദ ബന്ധം ഉണ്ടായിരുന്നില്ലെന്നും പ്രവാചക കാലത്ത് തന്നെ ഇസ്ലാമിക സന്ദേശം ഇവിടെ എത്തിയിരുന്നില്ലെന്നും രണ്ട് നൂറ്റാണ്ടിന് ശേഷം എത്തിച്ചേർന്നതോ ഇസ്ലാമിൻ്റെ പേർഷ്യൻ പതിപ്പാണെന്നുമാണ് പ്രൊഫ. മങ്കട അബ്ദുൽ അസീസിന്റെ വാദം. ഈ വാദത്തെ ഒടിച്ചെറിഞ്ഞാണ് മുഹമ്മദ് അബ്ദുൽ കരീമും ഡോക്ടർ അബ്ദുറഹിമാനും മറുവാദമുന്നയിക്കുന്നത് . ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഹൃദ്യമായൊരു ആലോചനാ വഴിയാവുന്നു ഈ സംവാദ പുസ്തകം. ശമീർ കരിപ്പൂർ നിർവഹിച്ചത് തീർച്ചയായും ശ്രദ്ധേയമായൊരു ചരിത്രദൗത്യമാണ്.