Sorry, you need to enable JavaScript to visit this website.

ചേകനൂർ മൗലവിയുടെ അമ്മാവൻ കെ.കെ സാലിം ഹാജി അന്തരിച്ചു; വിടവാങ്ങിയത് ചേകനൂർ സമരം ജ്വലിപ്പിച്ചുനിർത്തിയ പൗരാവകാശ പ്രവർത്തകൻ

എടപ്പാൾ (മലപ്പുറം) - മതഭീകരവാദികളാൽ കൊല്ലപ്പെട്ട ചേകനൂർ മൗലവിയുടെ അമ്മാവനും ഖുർആൻ സുന്നത്ത് സൊസൈറ്റി (കെ.എസ്.എസ്) മുൻ സംസ്ഥാന പ്രസിഡന്റുമായ മാണൂർ കോട്ടീരി കടുങ്ങാംകുന്നത്ത് കെ.കെ സാലിം ഹാജി (85) അന്തരിച്ചു.
 വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ചേകനൂർ മൗലവിയെ മതതീവ്രവാദികൾ തട്ടിക്കൊണ്ടുപോയതോടെയാണ് സാലിം ഹാജി ചേകനൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായത്. മൗലവി തിരോധാനക്കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളിലും കർമസമിതിയുടെ പ്രക്ഷോഭങ്ങളിലും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. ചേകനൂർ മൗലവി കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിൽ നൂറ്റാണ്ടിന്റെ സാക്ഷി യശ്ശശരീരനായ ഇ മൊയ്തു മൗലവിയെക്കൊണ്ട് നിർണായക ഇടപെടൽ നടത്തിച്ചതിലും പൗരാവകാശ പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി ജ്വലിപ്പിച്ചുനിർത്തിയതിലും സാലിം ഹാജിയുടെ പങ്ക് വളരെ വലുതാണ്. ഇതിന്റെ പേരിൽ ഒട്ടേറെ വെല്ലുവിളികൾ അതിജയിച്ചാണ് സാലിം ഹാജി ചേകനൂരിന്റെ ഘാതകരെ കണ്ടെത്താൻ വിശ്രമമില്ലാതെ പോരാടിയത്. സാലിം ഹാജിയുടെ സഹോദരി ഫാത്തിമയുടെ മകനാണ് ചേകനൂർ മൗലവി എന്ന ചേകനൂർ പി.കെ അബുൽ ഹസൻ മൗലവി.
 1993 ജൂലൈ 23ന് രാത്രി മതപഠന ക്ലാസിനെന്ന് പറഞ്ഞ് ഒരു സംഘമാളുകൾ എടപ്പാൾ കാവിൽപ്പടിയിലെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയി ശ്വാസം മുട്ടിച്ചാണ് ചേകനൂർ മൗലവിയെ കൊന്നതെന്ന് സി.ബി.ഐ സ്ഥിരീകരിച്ചിരുന്നു. സുന്നി ടൈഗർ ഫോഴ്‌സാണ് കൊടും ചതിയിലൂടെ ചേകനൂരിനെ വകവരുത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾക്കായി മലപ്പുറം ജില്ലയിലെ പുളിക്കലിനടുത്തുള്ള ചുവന്നകുന്നിൽ വ്യാപകമായ തിരിച്ചിൽ നടത്തിയെങ്കിലും പ്രതികൾ പിന്നീട് അവശിഷ്ടങ്ങൾ ഇവിടെനിന്നും മാറ്റുകയാണുണ്ടായതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആശയപരമായ വ്യത്യാസങ്ങൾക്കപ്പുറം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു മതപണ്ഡിതനെ അരുംകൊല ചെയ്ത മതഭീകരവാദത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാൻ സാലിം ഹാജിയുടെ ഇടപെടൽ സഹായകരമായിരുന്നു.
രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക മേഖലകളിലും സാലിം ഹാജി നിറഞ്ഞുനിന്നു. ഭാര്യമാർ: റംല, പരേതയായ ആയിഷ. മക്കൾ: ഫക്രുദ്ദീൻ (ബാബു ബിസിനസ്, എടപ്പാൾ), ഫാത്തിമ, സൗദ, റംല, ഷെരീഫ. മരുമക്കൾ: ബേബി സപ്‌ന, സൈനുദ്ദീൻ കോട്ടപ്പടി, മുഹമ്മദ്കുട്ടി എടക്കുളം, സുലൈമാൻ കാടഞ്ചേരി, സീതി പടിയത്ത് കൽപ്പകഞ്ചേരി.

Latest News