കല്പറ്റ- കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള പൂക്കോട് വെറ്ററിനിറി കോളേജ് താത്കാലികമായി അടച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പത്താം തിയ്യതി വരെയാണ് കോളേജ് അടച്ചത്. അക്കാദമിക് ഡയറക്ടറുടേതാണ് നടപടി.
കാമ്പസിലെ ലേഡീസ് ഹോസ്റ്റലും അടച്ചു. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനികള്‍ വീടുകളിലേക്കു പോകുന്നത് കോളേജ് അധികൃതര്‍ വിലക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുപ്പിനു സൗകര്യം ഒരുക്കുന്നതിനാണ് വിദ്യാര്‍ഥിനികളെ വീടുകളിലേക്കു പോകാന്‍ അനുവദിക്കാതിരുന്നതെന്നാണ് കോളേജുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ പോലീസ് ക്രിമിനില്‍ ഗൂഢാലോചനക്കുറ്റവും ചുമത്തി. ഫെബ്രുവരി 15ന് തിരുവനന്തപുരം നെടുമങ്ങാടിലെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ ഫോണ്‍ ചെയ്ത് കാമ്പസില്‍ തിരിച്ചെത്തിച്ച് ഹോസ്റ്റല്‍ മുറിയില്‍ തടങ്ങലിലാക്കിയതും മര്‍ദിച്ചതും അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്ത് അപമാനിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
റാഗിംഗ്, അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് നേരത്തേ ചുമത്തിയത്. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് സിദ്ധാര്‍ഥന്റെ പിതാവടക്കം ആവശ്യപ്പെട്ടിരുന്നു. കേസില്‍ 18 പ്രതികളെയാണ് ഇതിനകം അറസ്റ്റു ചെയ്തത്. റിമാന്‍ഡിലുള്ള ഇവരില്‍ ആദ്യം അറസ്റ്റിലായ ആറു പേരെ പോലീസ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികളില്‍ സിന്ോ ജോണ്‍സനെ ഞായറാഴ്ച കോളജ് ഹോസ്റ്റലിലും രഹാന്, ആകാശ് എന്നിവരെ തിങ്കളാഴ്ച കാമ്പസിലെ കുന്നിന്മുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഫെബ്രുവരി 16ന് കാമ്പസിലെ കുന്നിന്മുകളിലേക്ക് കൊണ്ടുപോയാണ് സിദ്ധാര്‍ഥനെ ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് പ്രതികളെ തിങ്കളാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ടീയ വിവാദം കൊഴുക്കുകയാണ്. എസ്. എഫ്. ഐക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ ഇടപെട്ട സി. പി. എം ജില്ലാ നേതാക്കള്‍ അവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതു നിഷേധിച്ച സി. പി. എം ജില്ലാ നേതൃത്വം പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞത് യു. ഡി. എഫ് നേതാക്കളുടെ വീടുകളിലാണെന്ന് ആരോപിച്ചു. പ്രതികള്‍ക്ക് സി. പി. എം ഓഫീസില്‍ ഒളിത്താവളം ഒരുക്കി എന്ന ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സി. പി. എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് പറഞ്ഞു.
പൂക്കോട് കാമ്പസില്‍ എസ്. എഫ്. ഐക്ക് കോടതി മുറി ഉണ്ടെന്ന കോളേജ് മുന്‍ പി. ടി. എ പ്രസിഡന്റിന്റേതായ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ പ്രചരിച്ചു. തന്റെ മകനെ നിര്‍ബന്ധിച്ച് എസ്. എഫ്. ഐയില്‍ ചേര്‍ത്തെന്നും രക്തം ഉപയോഗിച്ച് എസ്. എഫ്. ഐ എന്ന് എഴുതിച്ചെന്നും ശബ്ദസന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു. മകന്റെ വിദ്യാഭ്യാസത്തെ കരുതിയാണ് വിവരം പുറത്തുപറയാതിരുന്നതെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. പി. ടി. എ പ്രസിന്റായിരുന്ന പിതാവ് പറഞ്ഞത് തെറ്റായ കാര്യങ്ങളാണെന്നു മകന് പറഞ്ഞതായുള്ള പ്രചാരണവും നടന്നു.