Sorry, you need to enable JavaScript to visit this website.

അത് നാടോടി ദമ്പതികളുടെ കുട്ടി തന്നെ, ഡി.എന്‍.എ ഫലം എത്തി

തിരുവനന്തപുരം- ചാക്കയില്‍നിന്നു നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയെ ദമ്പതികള്‍ക്ക് തിരികെ നല്‍കും. ദമ്പതികള്‍ക്ക് അനുകൂലമായി ഡി.എന്‍.എ ഫലം വന്നതോടെയാണ് തീരുമാനം. നാടോടി ദമ്പതികളുടെ കുട്ടിയാണെന്നു ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കി.

തേന്‍ വില്‍പനക്കായി കേരളത്തിലെത്തിയതാണ് ബീഹാര്‍ സ്വദേശികളായ ദമ്പതികള്‍. കുട്ടി ഇവരുടെ തന്നെയാണോ എന്നു തിരിച്ചറിയാനാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. പോലീസ് ഇടപെട്ടാണ് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയത്.

കേസിലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്‌സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. പതിനൊന്നുകാരിയെ ഉപദ്രവിച്ച പോക്‌സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങി. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി. മുന്‍പ് കൊല്ലത്ത് നാടോടിക്കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയില്‍ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.

 

 

Latest News