കൊച്ചി- കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഉദ്ഘാടനം ബുധനാഴ്ച. രാവിലെ പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്‍ക്കത്തയില്‍നിന്ന് ഓണ്‍ലൈനായി മെട്രോ ഫ്‌ളാഗ് ഓഫ് ചെയ്യും.
1.35 ലക്ഷം ചതുരശ്ര അടിയാണ് സ്‌റ്റേഷന്റെ വിസ്തീര്‍ണം. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതരവരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപ ചെലവായതായാണ് കണക്കുകള്‍.
ഫ്‌ളാഗ് ഓഫിന് ശേഷം തൃപ്പൂണിത്തുറ സ്‌റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്‌റ്റേഷനിലേക്ക് പുറപ്പെടും. ഇതിനു പിന്നാലെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസും ആരംഭിക്കും.
ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്കുള്ള നിരക്കായ 60 രൂപ തന്നെയാകും തൃപ്പൂണിത്തുറയിലേക്കും.