കാസര്‍കോട് - ജന്മനാ വലത് കൈപ്പത്തി ഇല്ലാതിരുന്നത് ഒരിക്കലും ഒരു കുറവായി കാണാതെയാണ് കാജല്‍ പഠിച്ചത്. വെല്ലുവിളികളെ ഇടത് കൈ കൊണ്ട് എഴുതി തോല്‍പ്പിച്ച കാജല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് മിന്നുന്ന ജയം. സ്വപ്‌നങ്ങള്‍ കീഴടക്കാനുള്ള യാത്രയുടെ ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 910 റാങ്ക് നേടി മിന്നും ജയം നേടിയ ആഹഌദം പങ്കിടാനും ഉപദേശം തേടാനും കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ അദ്ദേഹത്തിന്റെ ചേമ്പറില്‍ എത്തി കണ്ടു ഈ മിടുക്കി. ജില്ലാ കലക്ടറെ ചേമ്പറില്‍ സന്ദര്‍ശിച്ചപ്പോള്‍ അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കൈനിക്കരയും കാജല്‍ രാജുവിന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
നീലേശ്വരം കുഞ്ഞിപുളിക്കാലിലെ കാജല്‍ രാജു എന്ന 24 കാരിയാണ് പഠനത്തില്‍ വിസ്മയം തീര്‍ത്തത്. കലക്ടര്‍ ആകണമെന്ന് മോഹമുള്ളതിനാല്‍ ഐ.എ. എസ് കിട്ടിയില്ലെങ്കില്‍ ഒരിക്കല്‍ കൂടി പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് കാജല്‍. സാധാരണ കുടുംബത്തില്‍ ജനിച്ച കാജലിന്റെ രക്ഷിതാക്കള്‍ നല്‍കിയ പിന്തുണയും കരുത്തുമാണ് ആത്മവിശ്വാസം നല്‍കിയത്. ഐ.ഐ.ടി മദ്രാസിലെ എം.എ ഇന്റഗ്രേറ്റഡ് കോഴ്‌സിന് ശേഷം പരിശീലനത്തിലേക്ക് ഇറങ്ങുകയായിരുന്നു. മുന്‍ പ്രവാസിയും കര്‍ഷകനുമായ രാജു പിലാപ്പള്ളിയുടെയും എം. ഷീബയുടെയും മകളാണ്. സഹോദരന്‍ കരണ്‍രാജ് ചായ്യോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. മദ്രാസ് ഐ.ഐ.ടിയിലെ പഠനമാണ് ഐ.എ.എസ് സ്വപ്നം ശക്തിപ്പെടുത്തിയത്. തിരുവനന്തപുരം ഐ ലേണിലായിരുന്നു പരിശീലനം. ഉച്ചവരെ ക്ലാസ് പിന്നെ പഠനം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പരീക്ഷാഫലം ആഴ്ചകള്‍ക്ക് മുമ്പ് വന്നു. ഡിഫന്‍സില്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറയി നിയമനം കിട്ടി. കലക്ടര്‍ പദവി സ്വപ്നമായതിനാല്‍ അതിന് വേണ്ടിയുള്ള തീവ്രയജ്ഞം തുടങ്ങി കഴിഞ്ഞു കാജല്‍.
--
കാജല്‍ രാജു
ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ അദ്ദേഹത്തിന്റെ ചേമ്പറില്‍ സന്ദര്‍ശിച്ചപ്പോള്‍.