തലശ്ശേരി- സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളി. കടമ്പൂര്‍ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡിലെ സി.പി.എം അംഗം സി.പി സമീറയുടെ വിജയം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.കെ സാവിത്രി നല്‍കിയ ഹരജിയാണ് തലശ്ശേരി മുന്‍സീഫ് സി.ദിവ്യ തള്ളിയത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന സമീറ നാല് വോട്ടിനായിരുന്നു ഡി.കെ സാവിത്രിയെ പരാജയപ്പെടുത്തിയിരുന്നത്. ഇവരുടെ വിജയം കള്ള വോട്ടും ഇരട്ട വോട്ടും മൂലമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാവിത്രി ഹരജി നല്‍കിയിരുന്നത്. മുഴപ്പിലങ്ങാട്, കടമ്പൂര്‍ പഞ്ചായത്തുകളിലെയും കണ്ണൂര്‍ കോര്‍പ്പറേഷനിലെയും ബൂത്തുകളിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍മാരെയും കോടി ആമീനെയുമുള്‍പ്പെടെ 12 പേരെ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു.എന്നാല്‍ കള്ള വോട്ടും ഇരട്ട വോട്ടും ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് സമീറയുടെ വിജയം കോടതി അംഗീകരിക്കുകയായിരുന്നു. സമീറക്ക് വേണ്ടി മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.