ഇടുക്കി- നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മുണ്ടോം കണ്ടത്തിൽ ഇന്ദിര (70) ആണ് മരിച്ചത്. രാവിലെ 8.30 ഓടെ കൃഷിയിടത്തിൽ കയറിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കൃഷിയിടത്തിൽ കൂവ വിളവെടുത്തുകൊണ്ടിരുന്ന ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ റബർ ടാപ്പിംഗ് തൊഴിലാളികൾ ആനയെ ഓടിച്ച് ഇന്ദിരയെ നേര്യമംഗലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പെരിയാർ കടന്ന് വനത്തിൽ നിന്ന് എത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച്ച മൂന്നാറിൽ ഓട്ടോറിക്ഷ തകർത്ത കാട്ടാന ഡ്രൈവർ സുരേഷ് കുമാറിനെ (35) കൊലപ്പെടുത്തിയിരുന്നു. ഇടുക്കിയിൽ രണ്ട് മാസത്തിനിടെ നാല് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.