Sorry, you need to enable JavaScript to visit this website.

പള്ളികളില്‍ ഹിന്ദുക്കളെ കയറ്റിയത് ശരിയാണോ? വിഷജീവികള്‍ക്ക് ഹുസൈന്‍ മടവൂരിന്റെ മറുപടി

ഉപദേശിയുടെ മനസ്സാണ് ആദ്യം നന്നാവേണ്ടത്
(ഡോ. ഹുസൈന്‍ മടവൂര്‍)
മുമ്പെന്നോ വായിച്ച കഥയാണ്.
രണ്ട് സംന്യാസിമാര്‍ പ്രഭാത സവാരിക്കിറങ്ങി. വലിയ ഗുരുസ്വാമിയും ചെറിയ ശിഷ്യന്‍ സ്വാമിയും. നടത്തത്തിന്നിടയിലും ധര്‍മ്മശാസ്ത്രമാണ് സംസാരവിഷയം. അപ്പോള്‍ പുഴവക്കില്‍ കുളിച്ചു കൊണ്ടിരുന്ന ഒരു യുവതി കാല്‍ വഴുതി വെള്ളത്തില്‍ പൊങ്ങിത്താഴുന്നത് അവര്‍ കണ്ടു. സങ്കടത്തോടെ ഗുരുസ്വാമി ഈശ്വര പ്രാര്‍ത്ഥനയില്‍ മുഴുകി. ശിഷ്യന്‍ സ്വാമി രണ്ടും കല്‍പ്പിച്ച് പുഴയിലേക്കെടുത്ത് ചാടി അവളെ പിടിച്ച് ചുമലിലേറ്റി കരയിലെത്തിച്ചു.
 


അവര്‍ വീണ്ടും നടത്തം തുടര്‍ന്നു. അദ്ഭുതമെന്നേ പറയേണ്ടൂ. ഗുരുസ്വാമി പിന്നെ ഒരക്ഷരം മിണ്ടുന്നില്ല. മുഖം കോപത്താല്‍ ചുവന്നു തുടുത്തിരിക്കുന്നു. ശിഷ്യന്ന് സങ്കടമായി. അയാള്‍ ചോദിച്ചു. ഗുരോ ! ഈ ശിഷ്യനില്‍ നിന്ന് അനിഷ്ടകരമായ വല്ലതും സംഭവിച്ചോ? ഉണ്ടെങ്കില്‍ മാപ്പാക്കണം. ഗുരു ഗൗരവത്തില്‍ പറഞ്ഞു : ഉണ്ട് , നീ ധര്‍മ്മശാസ്ത്രത്തിന്ന് വിരുദ്ധം പ്രവര്‍ത്തിച്ചിരിക്കുന്നു. ആ സുന്ദരിപ്പെണ്ണിനെ പിടിച്ച് ചുമലിലേറ്റിയല്ലേ നീ കരയിലെത്തിച്ചത്. നാം ബ്രഹ്മചാരികളായ സംന്യാസിമാരാണ്. ബ്രഹ്മചാരി ഒരു പെണ്ണിനെയും സ്പര്‍ശിക്കരുത്, മോഹിക്കരുത്, കാമിക്കരുത്. നോക്കുക പോലും ചെയ്യരുത്. ഇതാണ് ധര്‍മ്മശാസ്ത്രം . ഇതൊന്നും ശ്രദ്ധിക്കാതെ നീ സംന്യാസവും ബ്രഹ്മചര്യവും കളങ്കപ്പെടുത്തിയിരിക്കയാണ്. നീയുള്ള സ്ഥലത്ത് ദൈവകോപമുണ്ടാവും. അതിനാല്‍ നീ ആശ്രമം വിട്ടു പോവണം.
പേടിച്ച് വിറച്ച ശിഷ്യന്‍ പറഞ്ഞു: ഗുരോ! ഈശ്വരനാണ സത്യം . ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ബ്രഹ്മചര്യം ലംഘിച്ചിട്ടില്ല, ധര്‍മ്മശാസ്ത്രത്തിന് വിരുദ്ധം പ്രവര്‍ത്തിച്ചിട്ടുമില്ല. ആ സത്രീയുടെ മുഖവും ശരീരവും സൗന്ദര്യവും ഞാന്‍ നോക്കിയിട്ട് പോലുമില്ല. വെള്ളത്തില്‍ പൊങ്ങിത്താഴുന്ന ആ സഹോദരിയെ രക്ഷപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്റെ മനസ്സില്‍ അവളെക്കുറിച്ച് ഒരു ചിന്തയുമില്ല സ്വാമീ . ഞാനത് അപ്പോഴേ മറന്നു . എന്നാല്‍ ഗുരോ! അവിടുത്തെ മനസ്സില്‍ ഇപ്പോഴും ആ യുവതിയുടെ മുഖവും ശരീരവും സൗന്ദര്യവും ഉണ്ട് അല്ലേ? ദൈവം നോക്കുക മനസ്സിലേക്കാണ് എന്നല്ലേ ഗുരു ഞങ്ങളെ പഠിപ്പിച്ചത്. എന്റെ മനസ്സ് ശുദ്ധമാണ് ഗുരോ. ഗുരുവിന്റെ മനസ്സ് നിറയെ ആ യുവതിയാണിപ്പോഴും. അതിനാല്‍ അങ്ങയുടെ മനസ്സാണ് അശുദ്ധമായത്. അതാണ് ശുദ്ധമാക്കേണ്ടത്. അതിനാല്‍ ഞാനല്ല ആശ്രമം വിട്ടു പോവേണ്ടത്.
ഈ കഥ ഇപ്പോള്‍ ഓര്‍മ്മ വരാന്‍ കാരണമുണ്ട്.
പ്രളയക്കെടുതിയില്‍ കേരള മക്കള്‍ ഒന്നിച്ച് നിന്നു. നാമെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിഞ്ഞു. വീടുകളും ആരാധനാലായങ്ങളും ദുരിത ബാധിതര്‍ക്ക് അവരുടെ മതം നോക്കാതെ നാം തുറന്നു കൊടുത്തു. മുസ്ലിം പള്ളികളില്‍ ദിവസങ്ങളോളം ഹിന്ദുക്കളും ക്ലിസ്ത്യാനികളും താമസിച്ചു . നാട് ശുചീകരണത്തിന്നെത്തിയ മുസ്ലിം യുവാക്കള്‍ക്ക് നമസ്‌കരിക്കാന്‍ ക്രിസ്ത്യന്‍ പള്ളിയിലും അമ്പലത്തിലും അനുവാദം നല്‍കി. ശുചീകരണത്തിന്നെത്തിയ അവരെ നാട്ടുകാര്‍ ഓണം പെരുന്നാള്‍ ആശംസകളും സദ്യകളും നല്‍കി ആദരിച്ചു. മുസ്ലിം സ്ത്രീകള്‍ക്ക് നമസ്‌കാരക്കുപ്പായം വാങ്ങിക്കൊടുത്ത് ഹിന്ദു സ്ത്രീകള്‍ സ്‌നേഹം പങ്ക് വെച്ചു. ദൈവത്തിന്റെ സൃഷ്ടികള്‍ക്കിടയില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ദേവാലയങ്ങളില്‍ കഷ്ടപ്പാടുകള്‍ പങ്ക് വെച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടി. എല്ലാ വ്യത്യാസങ്ങളും നിലനില്‍ക്കേ അവര്‍ മനുഷ്യരായി ജീവിച്ചു. ദുരിതങ്ങള്‍ക്കിടയില്‍ നാം സന്തോഷിച്ചത് ഈ മാനവിക സാഹോദര്യം അടുത്തറിഞ്ഞ് അനുഭവിച്ചപ്പോഴാണ്.
ഇപ്പോള്‍ വെള്ളം താഴ്ന്നപ്പോള്‍
അവര്‍ വീടുകളിലേക്ക് മടങ്ങുകയാണ്. ബഹുസ്വര സമൂഹത്തിലെ മതവും മതേതരത്വവും എന്താണെന്ന പുതിയൊരു വിദ്യാഭ്യാസം നേടിയാണവര്‍ വീടുകളിലേക്കു മടങ്ങുന്നത്.
എന്നാല്‍ പ്രളയത്തോടെ ഒലിച്ച് പോയെന്ന് നാം കരുതിയ ചില വിഷജീവികള്‍ ഇവിടെ തല പൊക്കുന്നത് നാം കാണുന്നുണ്ട്. അവ ഉഗ്രവിഷം ചീറ്റുന്നുണ്ട്. വര്‍ഗ്ഗീയതയാണവയുടെ മതവും ജീവിതവും.
മുസ്ലിം പള്ളികളില്‍ ഹിന്ദുക്കളെ പാര്‍പ്പിച്ചത് ശരിയാണോ? ക്ഷേത്ര സ്ഥലത്ത് ക്രിസ്ത്യാനിയും മുസ്ലിമും പ്രവേശിച്ചത് ശരിയാണോ? പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദേവാലയങ്ങളില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് ശരിയാണോ.? അന്യ ജാതിക്കാര്‍ പാകം ചെയ്ത ഭക്ഷണം കഴിച്ചത് ശരിയാണോ? ഇതെല്ലാമാണ് ചോദ്യങ്ങള്‍.
ഇവരോട് സംസാരിക്കാനോ ഇവര്‍ക്ക് മറുപടി പറയാനോ നമുക്ക് നേരമില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനുമാവില്ല.
ഒരൊറ്റ മറുപടിയേ ഉള്ളൂ. ശിഷ്യന്‍ സ്വാമി ഗുരുസ്വാമിയോടു പറഞ്ഞ അതേ മറുപടി.
ഈശ്വരന്‍ നോക്കുന്നത് മനുഷ്യന്റെ മനസ്സിലേക്കാണ്. അതിനാല്‍ ഞാനല്ല, താങ്കളാണ് മനസ്സ് നന്നാക്കേണ്ടത്.
ശരിയാണ്. ഇവിടെ ഈ ഉപദേശികളുടെ മലിനപ്പെട്ട മനസ്സുകളാണ് എത്രയും വേഗം ശുചിയാക്കേണ്ടത്. അവര്‍ക്ക് നല്ല ബുദ്ധി വരാന്‍ പ്രാര്‍ത്ഥിക്കുക. കാത്തിരിക്കുക. നാമൊന്നും ചെയ്യേണ്ട. കാലം കൊണ്ട് ക്രമേണ എല്ലാവരും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊള്ളും.
 

Latest News