പത്തനംതിട്ട- ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിക്ക് സീറ്റ് നല്‍കിയതില്‍ പത്തനംതിട്ട ബിജെപിയില്‍ പരസ്യപ്രതിഷേധം. നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാര്‍ഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റില്‍ പറയുന്നത്.
ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ശ്യാമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇക്കാര്യം ഔദ്യോഗികമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അറിയിച്ചു. എന്നാല്‍ പാര്‍ട്ടി സംഘടനാ ചുമതല ശനിയാഴ്ച തന്നെ താന്‍ രാജിവച്ചതായി ശ്യാം മറ്റൊരു കുറിപ്പില്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പരസ്യമായി എതിര്‍പ്പ് രേഖപ്പെടുത്തി ഇന്നലെ തന്നെ സംഘടനാ ചുമതല ഉപേക്ഷിച്ചെന്നാണു കുറിപ്പിലുള്ളത്.
അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ ഇറക്കി പുത്തന്‍ പരീക്ഷണത്തിനാണ് ഇത്തവണ ബിജെപി മുതിര്‍ന്നത്. കോണ്‍ഗ്രസ് വിട്ടുവന്ന യുവനേതാവ്, എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കി. പത്തനംതിട്ടയില്‍ പി.സി.ജോര്‍ജിനും സാധ്യതകള്‍ പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ കേരള പദയാത്രയില്‍ അടൂരിലെ വേദിയില്‍ പി.സി.ജോര്‍ജും ഉണ്ടായിരുന്നു. എന്നാല്‍ പി.സി.ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അസ്ഥാനത്താക്കിയാണ് അനില്‍ ആന്റണിക്ക് പത്തനംതിട്ട ബിജെപി നല്‍കിയത്.