മലപ്പുറം- മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ പ്രചാരണായുധമാക്കി ജേക്കബ് വടക്കൻചേരിയും സംഘവും. എലിപ്പനി പ്രതിരോധ മരുന്നുകൾക്കെതിരെ പ്രചാരണം നടത്തിയതിന് നിയമനടപടി നേരിടുന്ന പ്രകൃതി ചികിത്സകൻ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കൻചേരിയും സംഘവുമാണ് മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയെ തങ്ങളുടെ ചികിത്സക്ക് വേണ്ടിയുള്ള പ്രചാരണായുധമാക്കുന്നത്. ചികിത്സകനായ കെ.എം ഹിലാൽ എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെയാണ് വടക്കൻചേരിയുടെ ചികിത്സ എന്നാണ് സൂചിപ്പിക്കുന്നത്.
മരുന്നുകളുടെ ഉപയോഗം പരമാവധി കുറച്ച് ദൂഷ്യഫലങ്ങളെ പൂർണ്ണമായും ബോധ്യപ്പെടുത്തിയുള്ള ചികിത്സ മാത്രമേ അമേരിക്കയിൽ നടത്തൂവെന്നും അമേരിക്കയിൽ പിറവിയെടുത്ത മരുന്നുകളെ ഒഴിവാക്കി കൊണ്ടുള്ള ഓർത്തോപ്പതി സമ്പ്രദായത്തെക്കുറിച്ച് ഗഹനമായി പഠിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഹിലാൽ പറയുന്നു.
ഓർത്തോപ്പതി സമ്പ്രദായത്തിൽ ചികിത്സ നടത്തുന്ന കേരളത്തിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ തിരൂർ ഗാന്ധിയൻ ചികിത്സാലയം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുകയും പാർട്ടി സെക്രട്ടറി കോടിയേരിയെ അവിടെ അയച്ച് ഒരു ദിവസം താമസിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പിന്നാലെ, എ.കെജി സെന്ററിലെ പാചകക്കാരെയും കാന്റീൻ ചുമതലക്കാരെയും തിരൂരിലയച്ച് സുരക്ഷിത പാചക കളരിയിൽ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പരിശീലനം നടത്തിക്കുകയും ചെയ്തുവെന്നും ഹിലാൽ അവകാശപ്പെടുന്നു.
എന്നാൽ മുഖ്യമന്ത്രി ഇപ്പോൾ അലോപ്പതി ചികിത്സക്കായി തന്നെയാണ് അമേരിക്കയിൽ പോയിട്ടുള്ളത്. അദ്ദേഹം എത്രയും വേഗം രോഗമുക്തി നേടി തിരികെ എത്തുമെന്ന പ്രതീക്ഷയാണുള്ളത്. കാരണം അദ്ദേഹത്തിന്റെ കീഴിലുള്ള ആരോഗ്യമന്ത്രി ചെയ്യുന്നതുപോലെ മാരക ദൂഷ്യ ഫലങ്ങളുള്ള, ഏറെ മുൻകരുതലുകൾ സ്വീകരിച്ച് മാത്രമേ നൽകുവാൻ പാടുള്ളൂ എന്ന് ബ്രിട്ടീഷ്അമേരിക്കൻ മെഡിക്കൽ ജേർണലുകൾ മുന്നറിയിപ്പ് നൽകുന്ന 'ഡോക്‌സിസൈക്ലിൻ' എന്ന മരുന്ന് പോലും പത്രക്കുറിപ്പിലൂടെ പ്രിസ്‌ക്രൈബ് ചെയ്യുന്ന ഏർപ്പാടൊന്നും അവിടെയില്ല. മരുന്നുകളുടെ ദൂഷ്യ ഫലങ്ങളാൽ രോഗികൾ മരിക്കാൻ സാധ്യത തീരെ കുറവുള്ള അമേരിക്കയിൽ ചികിത്സ തേടാൻ തീരുമാനിച്ച മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുകയും രോഗമുക്തി ആശംസിക്കുകയും ചെയ്യുന്നു...
മുഖ്യമന്ത്രിയുടെ ചികിത്സാ യാത്രയുടെ പശ്ചാത്തലത്തിൽ വേണം ഇപ്പോൾ നാട്ടിൽ നടക്കുന്ന എലിപ്പനി ചികിത്സാ മഹോത്സവത്തെ നോക്കിക്കാണാൻ.
ഈ വർഷം വൻ സന്നാഹങ്ങളോടെ തുടങ്ങിവെച്ച നിപ്പ പനിക്കച്ചവടം കൊഴിക്കോട്ടെ ജനങ്ങൾ ആശുപത്രി ബഹിഷ്‌കരണത്തിലൂടെ പൊളിച്ചു കൊടുത്തതിനാൽ ഉണ്ടായ കോടികളുടെ നഷ്ടം നികത്താൻ വഴിതേടിക്കൊണ്ടിരിക്കുകയായിരുന്നു മരുന്നു മാഫിയ. അപ്പോഴാണ് പ്രളയത്തിന്റെ ബാക്കിപത്രമായി പനിയും മറ്റ് അസ്വസ്ഥതകളും ആരംഭിച്ചത്.
നാട്ടിലെ ബഹു ഭൂരിപക്ഷം എലികളും പ്രളയജലത്തിൽ ചത്തൊടുങ്ങിയിട്ടുണ്ടെന്ന് വെള്ളപ്പൊക്കത്തെ വർഷാവർഷം അഭിമുഖീകരിക്കുന്ന കുട്ടനാട് പോലുള്ള പ്രദേശത്തെ ജനങ്ങൾക്കറിയാം. പ്രളയജലത്തിൽ നിന്നും രക്ഷ നേടാൻ തട്ടിൻപുറങ്ങളിലും മരങ്ങളിലും കയറിപ്പറ്റുന്ന എലികളെ പാമ്പുകളും പക്ഷികളും ചേർന്ന് ആഹരിക്കുകയും കുഞ്ഞുങ്ങൾ മുഴുവൻ വെള്ളത്തിൽ മുങ്ങിച്ചാവുകയും ചെയ്യുന്നത് മൂലമാണിത്. എന്നാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലികൾ മൂത്രമൊഴിക്കുകയും ഇണചേരുന്നത് മൂലമുണ്ടാകുന്ന സ്രവങ്ങൾ വീഴുന്നതുകൊണ്ടും എലിപ്പനി പടർന്നു പിടിക്കുമെന്ന മരുന്നു കമ്പനികൾ പഠിപ്പിച്ചത് മാത്രം പ്രചരിപ്പിക്കുന്ന രോഗ വകുപ്പുകാർ പനിയെല്ലാം എനിപ്പനിയാകാമെന്ന ഭീതിയുണ്ടാക്കി വാക്‌സിനെന്ന വ്യാജേന ശക്തിയേറിയ ആൻറിബയോട്ടിക് ആയ ഡോക്‌സിസൈക്ലിൻ ജനങ്ങളെ നിർബന്ധിച്ച് തീറ്റിക്കുകയാണെന്നും ഇയാൾ പറയുന്നു.
മെഡിക്കൽ മാഫിയയുടെ ചട്ടുകമായി നിന്നുകൊണ്ട് ഇടതുപക്ഷ സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഈ സ്ത്രീയെന്നാണ് ആരോഗ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്.