Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും

തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടുദിവസത്തിനകം പ്രഖ്യാപിച്ചേക്കും. അന്തിമ ചര്‍ച്ചകള്‍ക്കായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ തിങ്കളാഴ്ച ദല്‍ഹിക്ക് പോകും. എഐസിസിയുമായി ചര്‍ച്ച നടക്കുന്നത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടായേക്കും.
16 സീറ്റുകളിലാണ് കോണ്‍ഗ്രസ്  മത്സരിക്കുന്നത്. നിലവില്‍ 15 സിറ്റിംഗ് എംപിമാരുള്ള കേരളത്തില്‍ കണ്ണൂര്‍, വയനാട് മണ്ഡലങ്ങളില്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ തന്നെ രംഗത്തിറങ്ങിയേക്കും. എംപിമാരുടെ പ്രകടനത്തില്‍ പാര്‍ട്ടിക്ക് അതൃപ്തിയുള്ള ചില മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്.
കെ. സുധാകരനാണ് കണ്ണൂരില്‍ സിറ്റിംഗ് എംപി. നേരത്തെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് നിലപാട് മാറ്റിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് നിലവില്‍ സുധാകരന്റെ നിലപാട്. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനാണ് വയനാട്ടിലേക്ക് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്. കണ്ണൂരില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ ജയസാധ്യത കുറവാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

 

Latest News