Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ കുടുംബശ്രീ സംരംഭത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം

കോഴിക്കോട്  - കോര്‍പറേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭമായ ടെക്‌നോവേള്‍ഡ് തേര്‍ഡ് ഐ ടി യൂണിറ്റിന് ദേശീയ അംഗീകാരം. കേന്ദ്ര പാര്‍പ്പിട നഗര കാര്യ മന്ത്രാലയത്തിന്റെ മികച്ച വനിതാ സംരംഭകര്‍ക്കുള്ള അവാര്‍ഡിനാണ് ഐ ടി യൂണിറ്റ് അര്‍ഹരായത്. ദേശീയ തലത്തില്‍ ആറ് സംരംഭങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.

കേരളത്തില്‍ നിന്നും അംഗീകാരത്തിന്  അര്‍ഹരായ ഏക സംരംഭവും ടെക്‌നോവേള്‍ഡ് തേര്‍ഡ് ഐ ടി യൂണിറ്റാണ്. കോര്‍പ്പറേഷന്‍  പരിധിയിലെ അഞ്ചു വനിതകള്‍ ചേര്‍ന്നാണ് 2004 മാര്‍ച്ച് 18 ന് ഐ ടി യൂണിറ്റ് ആരംഭിച്ചത്. ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന  സമയത്ത്  ലഭിച്ച ഈ അവാര്‍ഡ് സംരംഭകര്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ്. നിലവില്‍ കോര്‍പറേഷന്‍ കിയോസ്‌ക്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ്  ഇ സേവാ കേന്ദ്ര, വിവിധ ഹോസ്പിറ്റല്‍ കിയോസ്‌കുകള്‍, ടെക്‌നോവേള്‍ഡ് ട്രെയിനിംഗ് സെന്റര്‍, പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഡാറ്റാ എന്‍ട്രി, പ്രിന്റിങ് പ്രസ് എന്നിവ ഐ ടി യൂണിറ്റ് നേരിട്ട് നടത്തുന്നുണ്ട്. കൂടാതെ ഡാറ്റാ എന്‍ട്രി പ്രിന്റിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാറിന്റെ അംഗീകൃത ഏജന്‍സി കൂടിയാണ് യൂണിറ്റ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഡാറ്റാ എന്‍ട്രി, പ്രിന്റിംഗ് വര്‍ക്കുകള്‍ ടെണ്ടര്‍ നടപടികളില്ലാതെ യൂണിറ്റിന് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. 60 വനിതകള്‍ക്ക് സ്ഥിരമായും 1500 ലധികം വനിതകള്‍ക്ക് താത്ക്കാലികമായും തൊഴില്‍ നല്‍കാന്‍ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. മാര്‍ച്ച് ആറാം തീയതി ഹരിയാനയിലെ ഗുരുഗ്രാമില്‍ നടക്കുന്ന ചടങ്ങില്‍ യൂണിറ്റ് അംഗങ്ങള്‍ അവാര്‍ഡ് ഏറ്റ് വാങ്ങും.

 

Latest News