കൊണ്ടോട്ടി- ഗായകനും ഹാര്‍മോണിസ്റ്റുമായ തുറക്കല്‍ നാരനാട്ട് വേലായുധന് (എന്‍. വി തുറക്കല്‍- 71) അന്തരിച്ചു. കോഴിക്കോട് ആകാശവാണിയിലെ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു.
നിരവധി മാപ്പിള പാട്ടുകള്‍ക്കും നാടകഗാനങ്ങള്‍ക്കും സംഗീതമൊരുക്കി. നാടകങ്ങള്‍ക്കും ഹൃസ്വ സിനിമകള്‍ക്കും സംഗീത സംവിധാനവും നിര്‍വഹിച്ചു. മാപ്പിളപ്പാട്ട് ഗായകരായ എ. വി. മുഹമ്മദ്, പള്ളിക്കല്‍ മൊയ്തീന് തുടങ്ങിയവരുടെ ഗാനമേളകളില്‍ ഹാര്‍മോണിയം വായിച്ചിരുന്നു.
മുസ്ലിം ഭക്തിഗാനങ്ങള്‍ ആലപിച്ചാണ് ആകാശവാണിയില്‍ എത്തിയത്. അന്തരിച്ച ചലച്ചിത്ര രചയിതാവ് ടി. എ റസാഖിന്റെ നാടകത്തിനടക്കം സംഗീതമൊരുക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് മഹാകവി മോയിന്‍ കുട്ടി വൈദ്യര് അക്കാദമി ആദരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് മരണം.
ഭാര്യ: രുഗ്മിണി. മക്കള്‍: സതീഷ് ബാബു, സുബീഷ് ബാബു, സായിരാജ്. മരുമക്കള്‍: ഷിബിന, രേഷ്മ, പ്രിന്‍സി.