Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ടാസ്‌കിലൂടെ ലക്ഷങ്ങള്‍ തട്ടി, നാലുപേര്‍ അറസ്റ്റില്‍

തൊടുപുഴ- ഓണ്‍ലൈന്‍ ടാസ്‌കിലൂടെ പണം വാഗ്ദാനം ചെയ്തു യുവതിയുടെ 6.18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് പട്ടിമറ്റം മുരയിന്‍ചിറ ഫാരിസ് (24), ബന്ധു റമീസ് (22), വടുതല ചേരാനല്ലൂര്‍ ബൈതുള്‍ നസറില്‍ ഫസല്‍ (21), കുമാരപുരം പുളിക്കല്‍ സംഗീത് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അക്കൗണ്ടിലേക്കാണ് യുവതിയില്‍നിന്ന് തട്ടിയെടുത്ത പണം വന്നത്. പണം പിന്‍വലിച്ചിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. ജനുവരി 21ന് ടെലഗ്രാം ആപ്പ് വഴി യുവതിക്ക് ആമസോണിന്റേതെന്ന വ്യാജേന ഒരു ലിങ്ക് കിട്ടി. ഇതില്‍ പറഞ്ഞിരിക്കുന്ന ലളിതമായ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ പണം കിട്ടുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ആദ്യം ഗൂഗിള്‍പേ വഴി ഒരു നിശ്ചിത തുക നല്‍കണം. ആദ്യ ടാസ്‌ക് പൂര്‍ത്തിയായാല്‍ ഇരട്ടി പണം ലഭിക്കും. അടുത്ത ടാസ്‌കിലേക്ക് പോകണമെങ്കിലും ചൂതാട്ടത്തിന് സമാനമായി പണം നല്‍കണം. അങ്ങനെ ഫെബ്രുവരി നാല് വരെയായി 6.18 ലക്ഷം രൂപ യുവതി നല്‍കിയെന്ന് പോലീസ് പറയുന്നു.
ടാസ്‌കിലൂടെ കിട്ടിയ പണം, ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവെന്നുകാട്ടി തട്ടിപ്പുകാര്‍ യുവതിക്ക് മെസേജും അയച്ചു. എന്നാല്‍, ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് യുവതിക്ക് മനസ്സിലായത്. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി.മാരായ മുഹമ്മദ് റിയാസ്, ബിജു എന്നിവരുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, എസ്.ഐ. റഷീദ്, എസ്.സി.പി.ഒ. ഒ.കെ.അയൂബ് തുടങ്ങിയവരാണ് തട്ടിപ്പുകാരെ പിടികൂടിയത്.

 

Latest News