Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥന്റെ മരണം: കൊലപാതക സാധ്യതയില്‍ വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് പോലീസ്

കല്‍പറ്റ- പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റേത് കൊലപാതകമാകാനുള്ള സാധ്യതയില്‍ വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതുണ്ടെന്ന് പോലീസ്. കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ. എസ്. പി ടി. എന്‍.സജീവന്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ്  റിപ്പോര്‍ട്ടിലാണ് ഈ വിവരം. 

മരണത്തിനു മുമ്പ് സിദ്ധാര്‍ഥനു നേരിടേണ്ടിവന്നത് അതിക്രൂര മര്‍ദനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിദ്ധാര്‍ഥന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ദേഹത്തെ പരിക്കുകള്‍ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നും മാതാപിതാക്കളും ബന്ധുക്കളും അധികാരികള്‍ക്കു നല്‍കിയ പരാതികളില്‍ ആരോപിക്കുന്നുണ്ട്.

ദൃശ്യമാധ്യമങ്ങള്‍ മുഖേനയും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ആഴത്തില്‍ അന്വേഷിച്ച് കൊലപാതക സാധ്യത സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അതുവഴി കേസിന്റെ സുഗമമായ അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ഉള്‍പ്പെട്ട 18 പ്രതികളില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ ബെല്‍റ്റിനും കേബിള്‍ വയറിനും സിദ്ധാര്‍ഥനെ മര്‍ദിച്ചു. അടിക്കുകയും തൊഴിക്കുകയും ചെയ്തു. പ്രതികളുടെ പ്രവൃത്തി മരണമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാര്‍ഥനെ നയിച്ചു.
സഹപാഠിനിയോട് സിദ്ധാര്‍ഥന്‍ മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സഹപാഠികളും സീനിയര്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പ്രതികള്‍ സിദ്ധാര്‍ഥനെ പൊതുവിചാരണ നടത്തി അപമാനിക്കാന്‍ പദ്ധതിയിട്ടു. 

15ന് തിരുവനന്തപുരം നെടുമങ്ങാടിലെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ വിദ്യാര്‍ഥിനി നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ പോലീസ് കേസാകുമെന്നും മെന്‍സ് ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് പ്രശ്നം ഒത്തുതീര്‍ക്കാമെന്നും അറിയിച്ച് കാമ്പസില്‍ തിരികെ എത്തിച്ചു. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സിദ്ധാര്‍ഥന്‍ എറണാകുളത്ത് എത്തിയപ്പോഴാണ് പ്രതികളില്‍ ഒരാള്‍  മൊബൈല്‍ ഫോണില്‍ വിളിച്ചത്. 16ന് രാവിലെ കാമ്പസില്‍ എത്തിയ സിദ്ധാര്‍ഥനെ പ്രതികള്‍ പുറത്തുപോകാന്‍ അനുവദിക്കാതെ ഹോസ്റ്റല്‍ മുറിയില്‍ തടങ്കലില്‍ സൂക്ഷിച്ചു. അന്നു രാത്രി ഒമ്പത് മുതല്‍ കാമ്പസില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദിച്ചു. പിന്നീട് ഹോസ്റ്റലിലെ  21-ാം നമ്പര്‍ മുറിയിലെത്തിച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ചും മര്‍ദനം തുടര്‍ന്നു. 17ന് പുലര്‍ച്ചെ രണ്ടു വരെ പരസ്യവിചാരണ ചെയ്ത് സിദ്ധാര്‍ഥനെ അപമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest News